ചങ്ങരോത്ത് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നു; ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ ഒന്‍പത്, 10 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന മഹിമാ നഗര്‍, സൂപ്പിക്കട ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു.
ഈ ഭാഗങ്ങളില്‍ 11 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കൗമാരക്കാരാണ് രോഗം പിടിപെട്ടവരില്‍ കൂടുതലും. കടകളില്‍നിന്ന് കഴിച്ച ശീതള പാനീയത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം. മഹിമാ സ്റ്റോപ്പിനു സമീപത്തെ വോളിബോള്‍ കോര്‍ട്ടില്‍ കളിക്കാനും കളികാണാനും എത്തുന്ന യുവാക്കളാണ് രോഗബാധിതരില്‍ കൂടുതലും. മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ചങ്ങരോത്തു ഗ്രാമപ്പഞ്ചായത്തും ചങ്ങരോത്ത് പി.എച്ച്.സി. അധികൃതരും ചേര്‍ന്ന് പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വാര്‍ഡുകളിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് രോഗബാധിതരുടെയും രോഗലക്ഷണങ്ങള്‍ ഉള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കാനും നടപടി തുടങ്ങി. രോഗപ്രതിരോധം, മുന്‍കരുതല്‍ നടപടികള്‍ എന്നിവയെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും വീടുകളില്‍ ബോധവല്കരണം നടത്തി. വെള്ളിയാഴ്ച 120 വീടുകള്‍ സന്ദര്‍ശിക്കുകയും 70 കിണറുകളില്‍ ക്ലോറിനേഷന് നടത്തുകയും ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ.ടി സരീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. രാജന്, ജെ.എച്ച്.ഐ രാധിക, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."