മധ്യപ്രദേശ് മുഖ്യമന്ത്രി കമാല്‍ നാഥ് രാജിവച്ചു
ഭോപ്പാല്‍: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവച്ചു. ഗവര്‍ണര്‍ ലാല്‍ജി താണ്ടന്‍ രാജിക്കത്ത് കൈമാറുകയും ചെയ്തു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ഗൂഡാലോചന ചെയ്തുവെന്നും വഞ്ചകര്‍ക്ക് മധ്യപ്രദേശ് ജനത മാപ്പു നല്‍കില്ലെന്നും കമാല്‍ നാഥ് പറഞ്ഞു.
ഇന്ന് വൈകുന്നേരം അഞ്ചിനു മുന്‍പ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹേമന്ദ് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എം.എല്‍.എമാരുടെ രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇങ്ങനെ ഒരു തീരുമാനം. എന്നാല്‍ നിയമസഭയില്‍ വിശ്വസവോട്ട് തേടാതെയാണ് കമല്‍നാഥ് ഇപ്പോള്‍ രാജിവച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്കു ചേക്കേറിയതോടെയാണ് മദ്ധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂപം കൊണ്ടത്. സിന്ധ്യക്കു പിന്നാലെ വിമത എം.എല്‍.എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമായി. എന്നാല്‍ എം.എല്‍.എമാരുടെ രാജി അംഗീകരിക്കണോ വേണ്ടയോ എന്ന തീരുമാനം സ്പീക്കര്‍ വൈകിപ്പിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ വിളിച്ചുചേര്‍ത്ത സമ്മേളനം മാറ്റിവയ്ക്കുകയുമാണുണ്ടായത്. ഇതിനെതിരെ ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാനാണ് സുപ്രിം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."