HOME
DETAILS
MAL
കൊവിഡ്-19: കര്‍മരംഗത്ത് നിലയുറപ്പിച്ച് വിഖായ
backup
March 20 2020 | 08:03 AM
മഞ്ചേരി:കൊവിഡ് 19 ഭീതിവിതക്കുന്ന സാഹചര്യത്തില്‍ സന്നദ്ധ സേവനത്തിന് വിപുലമായ പദ്ധതികള്‍ തയാറാക്കി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി. 'അതിജീവിക്കാം ജാഗ്രതയോടെ' എന്ന സന്ദേശമാണ് സംഘടന ഈ മഹാമാരിയുടെ ഘട്ടത്തില്‍ കൈമാറുന്നത്. വിഖായ ആക്ടീവ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ വിവിധ പരിപാടികള്‍ ആവിഷ്കരിച്ചത്. 1,500 ആക്ടീവ് അംഗങ്ങളാണ് കര്‍മരംഗത്തുള്ളത്.
മാസ്ക്, സാനിറ്റൈസര്‍ നിര്‍മാണ യൂനിറ്റുകള്‍, ആശുപത്രികളിലെ ദിനേനെയുള്ള സേവന പ്രവര്‍ത്തനം, സൗജന്യ ആംബുലന്‍സ് സര്‍വിസുകള്‍, രക്തദാനം, ബോധവല്‍ക്കരണ കാംപയിന്, ഗൃഹസന്ദര്‍ശനം, ആരോഗ്യ വകുപ്പുമായി സഹകരിച്ച് റെയില്‍വേ, ബസുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍, കൈകഴുകല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയ വ്യത്യസ്ത പദ്ധതികള്‍ക്ക് തുടക്കമായി.
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കാണ് ഓരോ ജില്ലയിലെയും വിഖായയുടെ ചുമതല. ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സംഘടനയ്ക്ക് കീഴിലുള്ള സംസ്ഥാനത്തെ മുപ്പതോളം ആംബുലന്‍സുകള്‍ സൗജന്യ സര്‍വിസ് നടത്തും. ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചതായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും പറഞ്ഞു.
കൊവിഡ് ഭീതിയുള്ളതിനാല്‍ അര്‍ബുദ രോഗികള്‍ക്ക് രക്തം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാന്‍ രക്തദാന കാംപയിനും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടന്നു.
വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വിദേശ യാത്രകള്‍ കഴിഞ്ഞ് എത്തുന്നവരെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ വിഖായയുടെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കി. ജനങ്ങളുടെ ഭീതിയകറ്റാനും ജാഗ്രത പാലിക്കാനും ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖ വിതരണം ആരംഭിച്ചു.
റെയില്‍വേയിലും ബസ് സ്റ്റാന്‍ഡുകളിലും കേന്ദ്രീകരിച്ച് വിഖായ നടത്തുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകരോടും പൊലിസിനോടും സഹകരിച്ചാണ് ജാഗ്രതാനിര്‍ദേശം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."