ഭവന നികുതികള്‍ വര്‍ധിപ്പിക്കും: മന്ത്രി കെ.ടി ജലീല്‍
കോഴിക്കോട്: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കും പ്രവര്‍ത്തന മികവിനും കെട്ടിട- ഭവന നികുതി നിരക്കുകള്‍ പുതുക്കി നിശ്ചയിയ്ക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. പുതുക്കി നിശ്ചയിക്കുന്നതിന്റെ നിശ്ചിത ശതമാനം ഓരോ വര്‍ഷത്തിലും വര്‍ധിക്കുന്ന തരത്തിലാണ് പരിഷ്‌കരണം നടപ്പിലാക്കുക. നികുതികളിലുണ്ടാകുന്ന വര്‍ധനവ് പിടിച്ചുപറിയായി കാണേണ്ടതില്ലെന്നും തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രത ഓരോ പൗരന്റെയും ക്ഷേമത്തിനായാണെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ ഉള്‍പ്പെടെ പ്രത്യേക പരിഗണന ലഭിക്കേണ്ടത് അനിവാര്യമാണ്. ഈ മേഖലയെ പൂര്‍ണമായും അഴിമതി മുക്തമാക്കും. വിവിധങ്ങളായ പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് ജീവനക്കാരേയും പരാതിക്കാരേയും പങ്കെടുപ്പിച്ച് യോഗം ചേരും. പൈതൃകവും ചരിത്രവും സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നടക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഭൂരിപക്ഷ, ന്യൂനപക്ഷ അഭിവൃദ്ധി സംഭവിക്കേണ്ടത് സഹിഷ്ണുതയിലൂടെയും സൗഹാര്‍ദത്തിലൂടെയുമാണ്. വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തെ പലരും തെറ്റായി വ്യാഖ്യാനിക്കാന്‍ സാധ്യതയുണ്ട്. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് കാര്യപ്രാപ്തിയും മത്സരബുദ്ധിയുമുള്ള ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമാണ്. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന വഖഫ് സര്‍വേ നടത്തി വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേംബര്‍ പ്രസിഡണ്ട് സിഎ. സി. മോഹന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് പി.വി ചന്ദ്രന്‍ മന്ത്രിയെ പൊന്നാടയണിയിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനം എം.എ മെഹ്ബൂബ് മന്ത്രിക്ക് സമര്‍പ്പിച്ചു. കെ.വി ഹസീബ് അഹമ്മദ്, കെ.വി കുഞ്ഞമ്മദ്, കെ.ടി രഘുനാഥ്, പി.സക്കീര്‍ സംസാരിച്ചു. പി.കെ അഹമ്മദ് സ്വാഗതവും എ. ശ്യാം സുന്ദര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."