പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീട് തകര്‍ന്നുവീണ് മൂന്നുപേര്‍ക്ക് പരുക്ക്
എരുമപ്പെട്ടി: വേലൂര്‍ പഞ്ചായത്തിലെ പുലിയന്നൂരില്‍ വീട് തകര്‍ന്ന് വീണ് മൂന്നുപേര്‍ക്ക് പരിക്ക്. ഗൃഹനാഥന്‍ തട്ടാന്‍ വീട്ടില്‍ ബാലകൃഷ്ണന്‍(65), ഭാര്യ നളിനി(55), മകള്‍ സ്വാതി (21)എന്നിവര്‍ക്കാണ് നിസാരമായി പരിക്കേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകമുണ്ടായത്. ഓടിട്ട തട്ടുയരമുള്ള വീടിന്റെ മേല്‍ക്കൂര ചുമരോടുകൂടി തകര്‍ന്ന് വീഴുകയായിരുന്നു. കല്ല് നെഞ്ചില്‍ വീണാണ് ബാലകൃഷ്ണന് പരുക്കേറ്റത്. ഓട് വീണാണ് മറ്റു രണ്ട് പേര്‍ക്കും പരുക്കേറ്റത്. അപകടം നടന്നയുടന്‍ അബോധാവസ്ഥയിലായ ബാലകൃഷ്ണനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് സാരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇന്നലെ രാവിലെ ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ തിരിച്ചെത്തി.കാലപഴക്കമുള്ള വീടിന് കഴിഞ്ഞ പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. വീട് പുനര്‍ നിര്‍മിക്കാന്‍ കഴിയാത്തതിനാല്‍ നിര്‍ധന കുടുംബം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. വാടക കൊടുക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ കുറച്ചു ദിവസങ്ങളായി അപകടാവസ്ഥയിലായ വീട്ടില്‍ ജീവന്‍ പണയപ്പെടുത്തിയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് അപടത്തില്‍ ജീവന്‍ നഷ്ടപ്പെടാതെ മൂന്നു പേരും രക്ഷപ്പെട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ദിലീപ് കുമാര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദ്, വാര്‍ഡ് മെംബര്‍ ശ്രീജ നന്ദന്‍ എന്നിവര്‍ തകര്‍ന്നവീട് സന്ദര്‍ശിച്ചു.
വീട് നിര്‍മിച്ച് നല്‍കാന്‍ പ്രത്യേക പരിഗണന ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും വില്ലേജ് ഓഫിസര്‍ക്കും അപേക്ഷ സമര്‍പ്പിക്കുമെന്നും ഇവരെ കുറുവന്നൂര്‍ സബ് സെന്ററിലേക്ക് മാറ്റി പാര്‍പ്പിക്കുമെന്നും പഞ്ചായത്ത് അധിക്യതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."