കണ്ണൂരില്‍ നടക്കുന്നത് ജംഗിള്‍രാജെന്ന് മഹിളാ കോണ്‍ഗ്രസ്
തിരുവനന്തപുരം: തലശേരിയില്‍ ദലിത് യുവതികളെ പിഞ്ചു കുഞ്ഞിനോടൊപ്പം ജയിലിലടച്ചത് അങ്ങേയറ്റം ഹീനവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്ന് മഹിളാ കോണ്‍ഗ്രസ്. അധികാരത്തിലെത്തിയ അന്നു മുതല്‍ കണ്ണൂരില്‍ ജംഗിള്‍രാജാണ് നടപ്പിലാക്കുന്നതെന്നും സംഘടനയുടെ സംസ്ഥാന അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ ആരോപിച്ചു.
സി.പി.എമ്മിന്റെ 'ബി' ടീമായി കണ്ണൂരില്‍ പൊലിസ് അധഃപതിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെതിരെ മത്സരിച്ചവരേയും പ്രവര്‍ത്തിച്ചവരേയും അവരുടെ കുടുംബങ്ങളേയും തെരഞ്ഞു പിടിച്ചു പീഡിപ്പിക്കുകയാണ്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പേരില്‍ കണ്ണീരൊഴുക്കുന്ന സി.പി.എം ദുര്‍ബല വിഭാഗത്തിലെ സ്ത്രീകളേയും കുഞ്ഞുങ്ങളേയും പോലും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വെറുതെ വിടുന്നില്ല. പയ്യന്നൂര്‍ കോളജിലെ അധ്യാപിക ഡോ. പ്രജിതയേയും കല്ല്യാശേരിയില്‍ ഡോ. നിതയേയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത് ഇതിനുദാഹരണമാണ്.
തലശേരിയില്‍ അഞ്ജനയും അഖിലയും കൈക്കുഞ്ഞുമായി സി.പി.എം. ഓഫിസില്‍ കയറി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ഷിജിനെ ആക്രമിച്ചു എന്നത് കെട്ടുകഥയാണ്.
ദലിത് യുവതികളേയും കുടുംബത്തേയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയ്യാറാകുന്നില്ല.
അഞ്ജനയേയും അഖിലയേയും കുഞ്ഞിനേയും ജയിലിലടച്ച പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."