അറിവ്-നിറവ് പഠനോത്സവം ശ്രദ്ധേയമായി
ഈരാറ്റുപേട്ട: മുസ്‌ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യു.പി വിദ്യാര്‍ഥികളുടെ 'പഠനോത്സവം' കുട്ടികളുടെ പഠന മികവിന്റെ നേര്‍സാക്ഷ്യമായി. ഈ അധ്യയന വര്‍ഷം പഠന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ആര്‍ജിച്ച ശേഷികള്‍ അവരുടെ രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടെയും സഹപാഠികളുടെയും മുന്‍പില്‍ സ്വതന്ത്രമായി അവതരിപ്പിക്കാന്‍ അവസരങ്ങള്‍ നല്‍കുക എന്നതാണ് പഠനോത്സവം ലക്ഷ്യമാക്കുന്നത്.
അഞ്ച്, ആറ്, ഏഴ്, ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി രണ്ടു ദിവസങ്ങളിലായി പ്രത്യേകം സമയക്രമീകരണത്തോടെയാണ് അവസരങ്ങള്‍ ഒരുക്കിയത്. വിവിധ വിഷയങ്ങള്‍ ഇടകലര്‍ത്തികൊണ്ട് കുട്ടികള്‍ അവതരിപ്പിച്ച പഠന പ്രവര്‍ത്തനങ്ങള്‍ രക്ഷകര്‍ത്താക്കളെയും അധ്യാപകരെയും ഭാഷാനൈപുണികളും, ശാസ്ത്ര പരീക്ഷണങ്ങളും, വൈവിധ്യമാര്‍ന്ന ഗണിത പഠന പ്രവര്‍ത്തനങ്ങളും ഏറെ കൗതുകത്തോടെയാണ് ഏവരും വീക്ഷിച്ചത്. പഠനോത്സവത്തോടനുബന്ധിച്ച് വിവിധ പ്രദര്‍ശന പരിപാടികളില്‍ കുട്ടികളുടെ വിവിധ പ്രവര്‍ത്തനമികവുകളും, പാഠാനുബന്ധ പ്രവര്‍ത്തനങ്ങളും ഏവര്‍ക്കും കാണാന്‍ കഴിഞ്ഞു.
ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട്, പ്രകൃതി വസ്തുക്കള്‍ മാത്രം ഉപയോഗപ്പെടുത്തി പ്രവേശന കവാടം മുതല്‍ നടത്തിയ അലങ്കാരങ്ങള്‍ മാതൃകാപരമായി. പുതുവസ്തുക്കളുടെ വിപുലമായ പ്രദര്‍ശനം പരിസ്ഥിതി സൗഹൃദപരമായ പാത്രങ്ങള്‍, ഉല്‍പന്നങ്ങള്‍, തനിനാടന്‍ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക സ്റ്റാള്‍ എന്നിവയും ഏറെ പ്രശംസ പിടിച്ചുപറ്റി.
കൂടാതെ ഏറെ ആകര്‍ശകമായി സംവിധാനം ചെയ്ത കലാ, കായികം, പ്രവര്‍ത്തി പരിചയം തുടങ്ങിയ പഠനമേഖലകളുടെ പ്രദര്‍ശന സ്റ്റാളുകള്‍ വിദ്യാര്‍ഥികള്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും, നവ്യാനുഭവമായി. ജനപ്രതിനിധികള്‍, വിദ്യാഭ്യാസവകുപ്പിലെ വിവിധ ഉദ്യേഗസ്ഥര്‍, മാനേജ്‌മെന്റ്, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവരും ഉത്സവ പ്രതീതി ജനിപ്പിക്കുന്ന പഠനോത്സവ ദിനങ്ങളില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."