കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മന്ത്രി ജി. സുധാകരന്
കടുത്തുരുത്തി: മാഞ്ഞൂര്‍ മേല്‍പ്പാലവും അപ്രോച്ച് റോഡും പൂര്‍ത്തീകരിക്കുന്നതിന് റെയില്‍വേക്ക് നിര്‍ദേശം നല്‍കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു. കുറവിലങ്ങാട്-ആലപ്പുഴ മിനി ഹൈവെ റോഡിലുള്ള കുറുപ്പന്തറയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് നിയമസഭയില്‍ അറിയിച്ചു. കുറുപ്പന്തറ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉന്നയിച്ച സബ് മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കുറുപ്പന്തറ ആര്.ഒ.ബിയ്ക്ക് 2018 മെയ് 22ന് 30.56 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. പ്രവൃത്തി നടപ്പാക്കാന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. വിശദമായ പദ്ധതി രേഖ തയ്യാറാക്കുകയും കിഫ്ബി പരിശോധിച്ച് അംഗീകാരം പ്രൊജക്ടിന് നല്‍കുകയും ചെയ്തിട്ടുണ്ട്.
ആര്.ഒ.ബി നിര്‍മ്മാണത്തിനായി ഏറ്റെടുക്കേണ്ട 81.10 ആര് സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടി കോട്ടയം ജില്ലാ കലക്ടര്‍ക്ക് 2018 ജൂലൈ 10ന് അറിയിപ്പ് നല്‍കിയിരുന്നു എന്നും മന്ത്രി അറിയിച്ചു.
മാഞ്ഞൂര്‍-മണ്ണാറപ്പാറ-കുറുപ്പന്തറ-മള്ളിയൂര്‍ ബൈപ്പാസ് റോഡില്‍ റെയില്‍വെ പൊളിച്ച് പണിയുന്ന മാഞ്ഞൂര്‍ മേല്‍പ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
മാഞ്ഞൂര്‍ റെയില്‍വെ മേല്‍പ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ റെയില്‍വെക്ക് അടിയന്തിര നിര്‍ദ്ദേശം കൊടുക്കുമെന്ന് മന്ത്രി ജി.സുധാകരന് അറിയിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് നിര്‍മ്മാണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ റെയില്‍വെക്ക് അടിയന്തര സന്ദേശം നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."