നബാര്‍ഡിനോട് 2,000 കോടിയുടെ സഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡിന്റെ സാമ്പത്തിക ആഘാതം കണക്കിലെടുത്ത് ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന നിധിയില്‍ നിന്ന് 2,000 കോടി രൂപയുടെ പ്രത്യേക പുനരുദ്ധാരണ പാക്കേജ് അനുവദിക്കണമെന്ന് നബാര്‍ഡിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഹര്‍ഷ്‌കുമാര്‍ ബന്‍വാലക്ക് മുഖ്യമന്ത്രി കത്തയച്ചു.
വായ്പയുടെ പലിശയില്‍ ഇളവ് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആര്‍.ഐ.ഡി.എഫില്‍ നിന്നുള്ള പ്രത്യേക വായ്പയുടെ പലിശ രണ്ട് ശതമാനമാക്കി കുറയ്ക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇപ്പോള്‍ 3.9 ശതമാനമാണ് പലിശ. ഗ്രാമീണ സമ്പദ്ഘടനയ്ക്ക് ഉണര്‍വ് നല്‍കാന്‍ ബാങ്കുകള്‍ക്ക് പുനര്‍വായ്പ ആവശ്യമാണ്. സംസ്ഥാന സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍, കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് നല്‍കുന്ന പുനര്‍വായ്പയുടെ പലിശനിരക്ക് 4.5 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനമാക്കി കുറയ്ക്കണം. ചെറുകിട സംരംഭങ്ങള്‍ക്കും കൈത്തൊഴിലിനും മറ്റും നബാര്‍ഡ് ലഭ്യമാക്കുന്ന പുനര്‍വായ്പയുടെ പലിശനിരക്ക് 8.4 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 100 ശതമാനം പുനര്‍വായ്പ കൊവിഡ് ബാധയുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കും അനുവദിക്കണമെന്നും മുഖ്യമന്ത്രി നബാര്‍ഡ് ചെയര്‍മാനോട് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."