രണ്ടു മാസം മുന്‍പ് സഊദിയിലെത്തിയ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
റിയാദ്: രണ്ടു മാസം മുമ്പ് പുതിയ വിസയില്‍ സഊദിയിലെത്തിയ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ചാലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ രാജന്റെ മകന്‍ മഹേഷി (22) നെയാണ് നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ അല്‍റയാനു സമീപം ഖാമിലയിലെ പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മേസനായി ജോലി ചെയ്തിരുന്ന മഹേഷ് ഇതേ കെട്ടിടത്തില്‍ സുഹൃത്ത് സനല്‍കുമാറിനൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയ സനല്‍ രാത്രി തിരിച്ചെത്തിയപ്പോള്‍ മഹേഷിനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അല്‍റയാന്‍ പൊലിസ് സ്ഥലത്തെത്തി മൃതദേഹം ജിസാന്‍ പ്രിന്‍സ് നാസര്‍ ബിന്‍ മുഹമ്മദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ നവംബര്‍ 20നാണ് മഹേഷും നാട്ടുകാരന്‍ കൂടിയായ സനല്‍കുമാറും അബഹയിലെ അല്‍ അംറാനി കോണ്‍ട്രാക്ടിങ് കമ്പനിയുടെ വിസയില്‍ മേസന്‍ ജോലിക്കായി എത്തിയത്. സ്‌പോണ്‍സര്‍ ഇതുവരെയും ഇരുവര്‍ക്കും ഇഖാമ എടുത്തു നല്‍കിയിരുന്നില്ല. മോശം തൊഴില്‍ സാഹചാര്യങ്ങള്‍ മൂലം നാട്ടിലേക്ക് തിരികെ പോകാന്‍ നിര്‍ബന്ധിച്ചതില്‍ കുപിതനായി സ്‌പോണ്‍സര്‍ കഴിഞ്ഞ മാസം മഹേഷിനെ താമസ സ്ഥലത്തു വെച്ച് മര്‍ദിച്ചതായി സനല്‍കുമാര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച പണി സ്ഥലത്തു നിന്ന് ചില നിര്‍മാണ സാമഗ്രികള്‍ മോഷണം പോയെന്ന് ആരോപിച്ച് സ്‌പോണ്‍സര്‍ പൊലിസില്‍ കള്ളക്കേസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് പേര്‍ക്കും നാലു ദിവസം ലോക്കപ്പില്‍ കിടക്കേണ്ടിയും വന്നു. ഈ സംഭവം മഹേഷിനെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നതായി സനല്‍കുമാര്‍ പറഞ്ഞു.
മഹേഷിന്റെ ആത്മഹത്യ സംബന്ധിച്ച് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയതായി ജിസാനിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് മഹേഷിന്റെ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മഹേഷ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. റജിതയാണ് ഭാര്യ. മകള്‍ ഒന്നര വയസുകാരി വൈഗ. മാതാവ്: ലത. കവിത, അശ്വതി എന്നിവര്‍ സഹോദരിമാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."