കാലിക്കറ്റ് ഹീറോസ്
#കിരണ്‍ പുരുഷോത്തമന്‍
കൊച്ചി: ആരാധകരുടെ പിന്തുണ കളിക്കളത്തിലേക്ക് ആവാഹിച്ചപ്പോള്‍ തുടര്‍ച്ചയായ രണ്ടാം വിജയവും കരസ്ഥമാക്കി പ്രൊ വോളി ലീഗില്‍ കാലിക്കറ്റ് ഹീറോസിന്റെ മുന്നേറ്റം. ഇന്നലെ നടന്ന വാശിയേറിയ മത്സരത്തില്‍ യു മുംബയെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് ഹീറോസ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യാവസാനം വാശിയേറിയ പ്രകടനമായിരുന്ന ഇരു ടീമുകളും പുറത്തെടുത്തത്. സ്‌കോര്‍: 15-10, 12-15, 15-13, 14-15, 15-9.
ചെന്നൈക്കെതിരായ മത്സരത്തില്‍ അതിവേഗ സ്മാഷുകളിലൂടെ ഗാലറിയെ വിറപ്പിച്ച മലയാളി താരം അജിത് ലാല്‍ മുംബക്കെതിരേയും തിളങ്ങി. അഞ്ചു സെറ്റുകളില്‍ നിന്നായി 16 സ്‌പൈക്ക് പോയിന്റുകളാണ് അജിത് ടീമിനായി നേടിയത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും കാലിക്കറ്റിന്റെ മികച്ച താരമായി അജിത് മാറി. സ്‌പൈക്കര്‍മാരുടെ പട്ടികയില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് 29 പോയിന്റ് നേടി അജിത് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
യു മുംബയുടെ സെര്‍വിലൂടെയാണ് കളി തുടങ്ങിയത്. ആദ്യ രണ്ട് പോയിന്റ് സ്വന്തമാക്കി യു മുംബ തുടങ്ങിയെങ്കിലും മികച്ച പ്രകടനത്തോടെ കാലിക്കറ്റ് ആദ്യസെറ്റ് കരസ്ഥമാക്കി. അജിത്ത് ലാലിന്റെ മികച്ച ഷോട്ടുകളായിരുന്നു ആദ്യ സെറ്റില്‍ കാലിക്കറ്റിന് തുണയായത്. എന്നാല്‍ ശക്തമായ സ്‌പൈക്കുകളിലൂടെ യു മുംബ രണ്ടാം സെറ്റില്‍ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം സെറ്റ് 15-12ന് മുംബ സ്വന്തമാക്കി. കാലിക്കറ്റിന്റെ ഭാഗത്തുനിന്നുണ്ടായ മൂന്ന് പിഴവുകളും മുംബക്ക് തുണയായി. ആദ്യ ഘട്ടില്‍ 6-10ന് പിന്നിലായിരുന്ന കാലിക്കറ്റ് ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അവസാന ലാപ്പില്‍ യു മുംബ വിജയിക്കുകയായിരുന്നു. മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ മികച്ച പ്രകടനമായിരുന്നു ഇരു ടീമുകളും കാഴ്ച്ചവച്ചത്. ഇരു ഭാഗത്തുനിന്നും മികച്ച മുന്നേറ്റങ്ങളുണ്ടായതോടെ സ്‌കോര്‍ ബോര്‍ഡ് ഒപ്പത്തിനൊപ്പം ചലിക്കുകയായിരുന്നു. മികച്ച സെര്‍വുകളും സ്മാഷുകളും നിറഞ്ഞുനിന്ന മൂന്നാം സെറ്റില്‍ അവസാന നിമിഷം വരെ പോരാട്ടം നീണ്ടുനിന്നു. അവസാന ലാപ്പില്‍ മികച്ച കളിയുമായി മുംബയെ 15-13ന് കാലിക്കറ്റ് പിന്നിലാക്കി.
നാലാം സെറ്റിന്റെ തുടക്കത്തില്‍ മികച്ച പ്രകടനമാണ് കാലിക്കറ്റ് പുറത്തെടുത്തത്. സെറ്റിലെ ആദ്യപോയിന്റും ഇവര്‍ കരസ്ഥമാക്കി. എന്നാല്‍ പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്ന മുംബ 8-9 പിന്നില്‍ നില്‍ക്കുമ്പോള്‍ സൂപ്പര്‍പോയിന്റിലൂടെ രണ്ട് പോയിന്റ് നേടി 10-9 ന് ലീഡ് ചെയ്തു. പിന്നാലെ കാലിക്കറ്റ് ഒരു പോയിന്റ് കരസ്ഥമാക്കിയെങ്കിലും സൂപ്പര്‍ പോയിന്റ് കരസ്ഥമാക്കി മുംബ തങ്ങളുടെ സ്‌കോര്‍ 12-10 ആക്കിമാറ്റി. പിന്നീട് രണ്ട് ടീമുകളും ഗാലറികളെ പ്രകമ്പനം കൊള്ളിക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. അവസാനലാപ്പില്‍ ഇരു ടീമുകളും 14-14 എന്ന സ്‌കോര്‍ നേടി ഒപ്പത്തിനൊപ്പമെത്തി. നിക്കോളാസ് ഡെല്‍ ബിയാന്‍ഗോയുടെ തകര്‍പ്പന്‍ സ്മാഷിലൂടെ മുംബ നാലാം സെറ്റ് സ്വന്തമാക്കി.
അവസാന സെറ്റ് മത്സരത്തില്‍ ജെറോം വിനീതിന്റെ സെര്‍വിലൂടെ തുടരെ രണ്ട് പോയിന്റുകള്‍ കരസ്ഥമാക്കി കാലിക്കറ്റ് പോയിന്റ് വേട്ടക്ക് തുക്കം കുറിച്ചു. പിന്നാലെ ദീപേഷ് കുമാര്‍ സിന്‍ഹയിലുടെ മുംബ തങ്ങളുടെ ആദ്യ പോയിന്റ് കരസ്ഥമാക്കി. പിന്നീട് സ്‌കോര്‍ 7-6ല്‍ നിക്കുമ്പോള്‍ സൂപ്പര്‍ പോയിന്റിലൂടെ ജെറോം വിനീത് സ്‌കോര്‍ 9-6 എന്ന നിലയിലെത്തിച്ചു. അടുത്ത സൂപ്പര്‍ സെര്‍വിലൂടെ കാലിക്കറ്റിന്റെ കാര്‍ത്തിക് സ്‌കോര്‍ 11-6 ലേക്ക് ഉയര്‍ത്തി. പിന്നീട് 14-9 എന്ന് സ്‌കോറില്‍ നില്‍ക്കവേ മുംബയുടെ പങ്കജ് ശര്‍മയുടെ സെര്‍വ് പാഴായതോടെ 15 പോയിന്റ് നേടി കാലിക്കറ്റ് സെറ്റും മത്സരവും സ്വന്തമാക്കി. യു മുംബയുടെ കളിക്കാരനായ സ്വാഖിലിന്‍ താരിഖ് കളിയിലെ താരമായെങ്കിലും ഭാഗ്യം കാലിക്കറ്റിനൊപ്പമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."