നാട്ടിലെത്താനുള്ള സ്വപ്നം ബാക്കിയാക്കി അബ്ദുറഹ്മാന്‍ മരണത്തിന് കീഴടങ്ങി
നിസാര്‍ കലയത്ത്
ജിദ്ദ: 33 വര്‍ഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലെത്താനുള്ള പ്രവാസിയുടെ സ്വപ്നങ്ങള്‍ പാതിവഴിയില്‍ അവസാനിച്ചു. തമിഴ്‌നാട് തഞ്ചാവൂര്‍ കുംഭകോണം സ്വദേശി അബ്ദുറഹ്മാനാണ് (63) വിധിക്ക് കീഴടങ്ങിയത്. ജന്മനാട്ടിലേക്ക് തിരിക്കുന്നതിന്റെ തയാറെടുപ്പിനിടെ സഊദിയിലെ ആശുപത്രിയില്‍ വച്ചാണ് ഇദ്ദേഹം മരിച്ചത്. റിയാദില്‍ നിന്ന് 200 കിലോമീറ്ററകലെ ദവാദ്മി ജനറല്‍ ആശുപത്രിയില്‍ രണ്ട് മാസമായി ചികിത്സയില്‍ കഴിയുകയായിരുന്ന അബ്ദുറഹ്മാന്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. നീണ്ട പ്രവാസത്തിനൊടുവില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് നാട്ടിലെത്താനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിയത്. ദവാദ്മിയിലെ ഒരു നിര്‍മാണ കമ്പനിയിലേക്ക് ഹെല്‍പര്‍ വിസയില്‍ 30ാം വയസിലാണ് അബ്ദുറഹ്മാന്‍ സഊദിയില്‍ എത്തിയത്. തുടര്‍ന്ന് ഏറെക്കാലം കെട്ടിട, കുഴല്‍ക്കിണര്‍ നിര്‍മാണ ജോലികള്‍ ചെയ്തു. ഇതിനിടയില്‍ വാഹനമിടിച്ച് രണ്ട് തവണ ആശുപത്രിയിലായി. പിന്നീട് ദവാദ്മിയില്‍ തന്നെ കുറച്ച് കൃഷി ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി നടത്തി. സമ്പാദിച്ചതെല്ലാം കൊണ്ട് പെങ്ങളുടെ കല്യാണം നടത്തി. ഇതിനിടയിലുണ്ടായ അപകടങ്ങള്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. വലിയ സാമ്പത്തിക ബാധ്യത ബാക്കിയായി. പച്ചക്കറി കൃഷിയും പച്ച പിടിച്ചില്ല.
നാട്ടിലെത്താന്‍ കഴിയാത്തതിനാല്‍ വിവാഹവും കഴിക്കാതെ ഒടുവിലത്തെ അഞ്ചു വര്‍ഷം ദവാദ്മിയിലെ ജി.എം.സി സര്‍വിസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടയിലാണ് രണ്ട് മാസം മുന്‍പ് റോഡില്‍ തളര്‍ന്നുവീണു ആശുപത്രിയിലായത്. അവസാന വിലങ്ങായി നിന്ന 40,000 റിയാല്‍ ആശുപത്രി ബില്‍ ഒടുവില്‍ ആരോഗ്യ മന്ത്രാലയം തള്ളിയതോടെ നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയപ്പോഴാണ് അബ്ദുറഹ്മാനെ മരണം തേടിയെത്തിയത്. 33 വര്‍ഷമായി നാട്ടില്‍ പോയിട്ടില്ലെന്നും നിര്‍ധനനുമാണെന്ന് അറിഞ്ഞതോടെ ഇത്രയും ഭീമമായ തുക മന്ത്രാലയം എഴുതി തള്ളുകയായിരുന്നു.
മോചനത്തിനായി ശ്രമം നടത്തിയിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഹുസൈന്‍ എടരിക്കോട് ഡിസ്ചാര്‍ജിനും വിമാന ടിക്കറ്റിനുമായുള്ള കാര്യങ്ങള്‍ ആശുപത്രി ഡയരക്ടറുമായി സംസാരിച്ചിരിക്കുമ്പോഴാണു മരണവിവരം അറിയിച്ചത്. ദവാദ്മിയില്‍ ഖബറടക്കാന്‍ നാട്ടിലുള്ള ബന്ധുക്കളായ ഉമ്മ ഹലീമ ബീവിയും ഏക കൂടപിറപ്പ് ഫാത്തിമയും സമ്മതപത്രം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."