സ്പാനിഷ് ഫ്‌ളൂ, അഞ്ചു കോടി ജീവനെടുത്ത മഹാമാരി
വൈറസ് ബാധിച്ച 10 ശതമാനം പേരും മരണത്തിന് കീഴടങ്ങി. വൃദ്ധരെയും മറ്റു രോഗമുള്ളവരെയും മാത്രമല്ല, ആരോഗ്യവാന്മാരായ യുവാക്കളെയും വേട്ടയാടി. ലോകത്തെ നടുക്കിയ, ഏറ്റവും കൂടുതല്‍ ജീവനുകള്‍ അപഹരിച്ച മഹാമാരിക്ക് പിന്നീട് സ്പാനിഷ് ഫ്‌ളൂവെന്ന പേരുവീണു. ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന നാളുകളിലാണ് യുദ്ധത്തേക്കാള്‍ ഭീതി പരത്തി സ്പാനിഷ് ഫ്‌ളൂ പടര്‍ന്നത്. കൃത്യമായി പറഞ്ഞാല്‍ 1918 -19 കാലത്ത്. സൈനികരില്‍ നിന്നാണ് രോഗം വിവിധ രാജ്യങ്ങളിലെത്തിയത്. രോഗം ഇത്രയും ഭീകരമായ രീതിയില്‍ വ്യാപിക്കാന്‍ യുദ്ധം ഒരു കാരണമായിട്ടുണ്ടാവാമെന്നാണ് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നത്. പന്നികളില്‍വച്ച് ജനിതകവ്യതിയാനം സംഭവിച്ച ഫ്‌ളൂ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നാണ് രോഗമുണ്ടായതെന്നാണ് വിദഗ്ധരുടെ നിഗമനം. ലോകത്തിന്നോളമുണ്ടായതില്‍ തന്നെ ഏറ്റവും വലിയ മഹാമാരിയായിരുന്നു അത്. ലോകമഹായുദ്ധക്കാലത്തെ നിയന്ത്രണങ്ങളില്‍ മഹാമാരിയുടെ ഭീകരത ലോകം അറിയാതെ പോയെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ചരിത്രത്തില്‍ പുതുതലമുറക്കൊരറിവായി പോലും ഈ മഹാമാരിയെ കുറിച്ച് ഏറെയൊന്നുമില്ല വായിച്ചെടുക്കാന്‍.
ചെറുപ്പക്കാരെ ബാധിച്ച വൈറസ്
ലോകജനസംഖ്യയുടെ മൂന്നിലൊന്നു പേരെയും ഈ പകര്‍ച്ചവ്യാധി പിടികൂടിയിരുന്നു. ലോകമെമ്പാടും മരിച്ചതാകട്ടെ അഞ്ചു കോടിയിലേറെപ്പേരും. മരിച്ചവരില്‍ ഏറെയും ചെറുപ്പക്കാരായിരുന്നുവെന്നതാണ് ഈ രോഗത്തിന്റെ മറ്റൊരു ഭീകരത. യുദ്ധം കാരണം ദാരിദ്ര്യവും പോഷകാഹാരക്കുറവും ശക്തമായിരുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സൈനികര്‍ താമസിച്ചിരുന്നത് തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു. പോഷകാഹാരങ്ങളുടെ അഭാവത്തോടൊപ്പം ഇതു കൂടി ആയപ്പോള്‍ അവരുടെ പ്രതിരോധ ശേഷി നന്നേ താഴ്ന്നു. രോഗം വന്നവര്‍ക്ക് മൂന്നു ദിവസത്തിനകം തന്നെ രോഗം കുറഞ്ഞതു പോലെ അനുഭവപ്പെട്ടിരുന്നത്രെ. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് അത് വീണ്ടും മൂര്‍ഛിക്കുകയും ചെയ്യും. സൈനികര്‍ അവധിക്കാലം ആഘോഷിക്കാന്‍ നാടുകളിലേക്ക് തിരിച്ചതോടെ വൈറസും അവര്‍ക്കൊപ്പം പോയി. അവര്‍ ചെന്ന ഒരോ പ്രദേശങ്ങളിലും വൈറസ് ബാധിച്ചു. രോഗബാധയേറ്റവരൊന്നും പെട്ടെന്ന് സുഖം പ്രാപിച്ചില്ല. 20നും 30നും ഇടക്കുള്ളവരെയാണ് വൈറസ് ഏറ്റവും മോശമായ രീതിയില്‍ ബാധിച്ചത്.
സ്‌പെയിനില്‍ പിറക്കാത്ത ഫ്‌ളൂ
സ്പാനിഷ് ആയ കഥ
പേരു കാണിക്കും പോലെ സ്‌പെയിന്‍ അല്ല ഈ ഭീകരന്റെ ജന്മ ഗേഹം. അമേരിക്കയിലെ കാന്‍സാസിലാണ് ഇത് പിറവിയെടുത്തതെന്നാണ് ഒരു വാദം. ചൈനയിലാണെന്നും പറയുന്നുണ്ട്. ഏതായാലും യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളിലും സ്‌പെയിനിനു മുന്‍പേ അസുഖം വന്നിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് രാജ്യങ്ങളും ഇക്കാര്യം മറച്ചുവച്ചു. തങ്ങളുടെ മനോവീര്യം നശിക്കാന്‍ ഈ വാര്‍ത്ത പ്രചരിക്കുന്നത് ഇടയാക്കുമെന്ന് അവര്‍ കണക്കു കൂട്ടി. മാധ്യമങ്ങള്‍ക്ക് യുദ്ധ കാലയളവില്‍ ഈ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്‌പെയിന്‍ ഇക്കാര്യത്തില്‍ നിഷ്പക്ഷത പാലിച്ചു. അവിടെയുള്ളവര്‍ വളരെ കൃത്യമായിത്തന്നെ ഈ രോഗത്തെപ്പറ്റിയറിഞ്ഞു. അങ്ങനെയാണ് രോഗം സ്‌പെയിനിലാണു പൊട്ടിപ്പുറപ്പെട്ടതെന്ന പ്രചാരവും സ്പാനിഷ് ഫ്‌ളൂ എന്ന പേരുണ്ടായതും.
നാഷനല്‍ ജ്യോഗ്രഫിക് ആണ് സ്പാനിഷ് ഫ്‌ളൂവിന്റെ തുടക്കം ചൈനയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2014ല്‍ ആയിരുന്നു ഈ റിപ്പോര്‍ട്ട്. 1917-18 കാലയളവില്‍ ചൈനയില്‍ നിന്ന് കാനഡയിലേക്ക് എത്തിച്ച തൊഴിലാളികളില്‍ നിന്നാണ് രോഗത്തിന്റെ തുടക്കമെന്ന് തെളിയിക്കുന്ന രേഖകളും അവര്‍ പുറത്തുവിട്ടു. ചൈനയുടെ ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകത്തൊഴിലാളികളായിരുന്നു അവരെന്ന് മാര്‍ക്ക് ഹംഫ്രീസിന്റെ 'ദ ലാസ്റ്റ് പ്ലേഗ്' എന്ന പുസ്തകത്തിലുമുണ്ട്. ഫ്രാന്‍സിലേക്ക് കൊണ്ടുപോവും മുന്‍പ് ചൈനയിലുടനീളം അടച്ചുപൂട്ടിയ തീവണ്ടി മുറിയില്‍ ആറു ദിവസം വ്യത്യസ്ത ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു അവര്‍. പടിഞ്ഞാറേ മുന്നണിക്കായി (വെസ്റ്റേണ്‍ ഫ്രന്റ്) 90,000 തൊഴിലാളികളേയാണത്രെ ചൈനയില്‍ നിന്ന് കടത്തിയത്.
ഇക്കൂട്ടത്തിലെ 25,000 പേരുള്ള ഒരു സംഘത്തിലെ മൂവായിരത്തോളം ആളുകള്‍ മെഡിക്കല്‍ ക്വാറന്റൈന്റെ ഭാഗമായി അവരുടെ യാത്ര കാനഡയില്‍ അവസാനിപ്പിച്ചു. എന്നാല്‍ അവരുടെ രോഗത്തെ കാനഡ ഗൗരവകരമായി എടുത്തില്ല. ചൈനക്കാരോടുള്ള വംശീയ വിവേചനവും ഈ അവഗണനക്കു കാരണമായി. ഈ സമയം ഫ്രാന്‍സിലെത്തിയ തൊഴിലാളികളിലും രോഗബാധിതര്‍ ഏറെയുണ്ടായിരുന്നു. ഇവരില്‍ പലരും ഫ്രാന്‍സില്‍ എത്തിയതിന് പിന്നാലെ മരിക്കുകയും ചെയ്തു.
ഇന്ത്യയില്‍ കവര്‍ന്നത്
140 ലക്ഷം ജീവനുകള്‍
അതിഭീകരമായ അവസ്ഥയില്‍ തന്നെ ഇന്ത്യയേയും സ്പാനിഷ് ഫ്‌ളൂ അതിക്രമിച്ചു. മുംബൈ കപ്പല്‍ത്തുറയിലാണ് ആദ്യം വൈറസ് ബാധ കണ്ടത്. 1918 ജൂണിലായിരുന്നു അത്. ജൂണ്‍ പത്തിന് ഏഴ് പൊലിസ് ശിപായികള്‍ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ വൈറസ് ബാധയുടെ വ്യാപനം അതിശീഘ്രമായിരുന്നു. ഷിപ്പിങ് ഫേമുകളിലെ തൊഴിലാളികള്‍, ബോംബെ പോര്‍ട്ട് ട്രസ്റ്റ്, ഹോങ്കോങ്, ഷാങ്ഹായ് ബാങ്കുകള്‍, ടെലഗ്രാഫ് ഓഫീസ് തുടങ്ങി എല്ലായിടത്തും രോഗമെത്തി. മുംബൈ നഗരം മുഴുവന്‍ അക്ഷരാര്‍ഥത്തില്‍ വൈറസ് ബാധയില്‍ മുങ്ങി. ഒരു മാസം കൊണ്ട് 1600 പേരാണ് മരിച്ചത്. പിന്നീടതിന്റെ നിരക്ക് കൂടി വന്നു. രോഗം മുംബൈയില്‍ നിന്നില്ല. തീവണ്ടി കേറി നാടൊട്ടുക്കുമെത്തി. ഗ്രാമപ്രദേശങ്ങളേക്കാള്‍ പട്ടണങ്ങളെയാണ് ഇത് കൂടുതല്‍ ബാധിച്ചത്. ജീവിക്കാനുള്ള താല്‍പര്യം ഇല്ലാതായെന്നായിരുന്നു രോഗത്തെ കുറിച്ചുള്ള ഗാന്ധിജിയുടെ പ്രതികരണം. പിന്നീട് അസമില്‍ ഒരു ഇന്‍ജക്ഷന്‍ തയ്യാറാക്കി. അങ്ങനെ ആയിരങ്ങളെ പ്രതിരോധവല്‍ക്കരിച്ചു. 140 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ മരിച്ചത്.
വൈദ്യശാസ്ത്രം അന്നും പറഞ്ഞു
കൂട്ടംചേരലുകള്‍ ഒഴിവാക്കൂ...
ജനങ്ങള്‍ ഡോക്ടര്‍മാരേക്കാളും ശാസ്ത്രത്തേക്കാളും മതപുരോഹിതരുടെ വാക്കുകള്‍ക്ക് ചെവി കൊടുത്തിരുന്ന കാലമായിരുന്നു അത്. അതും ഒരളവോളം രോഗം വ്യാപിക്കാന്‍ കാരണമായെന്ന് ലേഖനങ്ങള്‍ പറയുന്നു. കൂട്ടംചേരല്‍ ഒഴിവാക്കാന്‍ തന്നെയാണ് അന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. പൊതു ഇടങ്ങളില്‍ വായും മൂക്കും മൂടിക്കെട്ടാനും അവര്‍ നിര്‍ദേശിച്ചു. ഹസ്തദാനം ഒഴിവാക്കാനും വീടുകളില്‍ തന്നെ കഴിയാനും തുടങ്ങി ലൈബ്രറിയില്‍ നിന്നെടുക്കുന്ന പുസ്തകങ്ങള്‍ സ്പര്‍ശിക്കരുതെന്നു പോലും നിര്‍ദേശിച്ചിരുന്നു.
ഡോക്ടര്‍മാരുടെ ലഭ്യതക്കുറവ് വലിയൊരു ഭീഷണിയായിരുന്നു അന്ന്. ഉള്ളവരില്‍ പലര്‍ക്കും രോഗബാധയേറ്റതും ചികിത്സയെ ബാധിച്ചു. സ്‌കൂളുകളും സമാനമായ കെട്ടിടങ്ങളും ആശുപത്രികളായി വര്‍ത്തിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികളാണ് പലപ്പോഴും ഡോക്ടറുടെ സേവനം നിര്‍വ്വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."