തൊട്ടില്പാലത്തു നിന്നുള്ള ഏക അന്തര്‍ സംസ്ഥാന സര്‍വിസ് നിര്‍ത്തിവച്ചു
കുറ്റ്യാടി: കെ.എസ്.ആര്.ടി.സി തൊട്ടില്‍പ്പാലം സബ് ഡിപ്പോയില്‍ നിന്നുള്ള ഏക അന്തര്‍ സംസ്ഥാന സര്‍വിസ് നിര്‍ത്തിവച്ചു. വര്‍ഷങ്ങളായി ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തിയിരുന്ന സൂപ്പര്‍ എക്സ്പ്രസാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതിമായി നിര്‍ത്തിവച്ചത്.
രാവിലെ 9.30ന് പുറപ്പെട്ടു വൈകിട്ട് അഞ്ചോടെ ബംഗളൂരുവിലെത്തുകയും രാത്രി 10ന് തൊട്ടില്‍പ്പാലത്തേക്ക് തിരച്ചെത്തിയിരുന്നതുമായ സര്‍വിസാണിത്. ബംഗളൂരു, മൈസുരു എന്നിവിടങ്ങളിലേക്കു പോകുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാത്രി യാത്രാ നിരോധനം ബാധിക്കാത്ത സര്‍വിസായിരുന്നു ഇത്. വ്യക്തമായ കാരണങ്ങളൊന്നും കൂടാതെയുള്ള സര്‍വിസ് അട്ടിമറിച്ചതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
അതേസമയം, ബംഗളൂരുവില്‍ നിന്നു തിരിച്ചുള്ള മടക്കയാത്രയില്‍ യാത്രക്കാര്‍ കുറവായതാണ് സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ മികച്ച വരുമാനമുള്ള സര്വിസെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ബംഗളൂരുവില്‍ നിന്നു നിലവിലെ ബസിന് തൊട്ടു മുന്‍പായി മറ്റൊരു സര്‍വിസ് നടത്തിവരുന്നുണ്ട്. ഇതാണ് വരുമാനം കുറയാന്‍ ഇടയാക്കിയതെന്നാണ് വിവരം. മുന്‍പിലും പിന്നിലുമായി ഓടിക്കാതെ സമയം മാറ്റിയാല്‍ പ്രതിസന്ധി നീങ്ങുമെന്നിരിക്കെ സര്‍വിസ് പൂര്‍ണമായും ഇല്ലാതാക്കിയത് അംഗീകരിക്കാനാവില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇതിനിടെ സര്‍വിസ് നിര്‍ത്തിയതറിയാതെ പലരും രാവിലെ ഡിപ്പോയില്‍ എത്തി മടങ്ങുകയാണ്. സര്‍വിസ് നിര്‍ത്തിവച്ച ഡിപ്പോ അധികൃതരുടെ തീരുമാനത്തിനെതിരേ വിവിധ സംഘടനകള്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."