കൊവിഡിനെതിരേ ജാഗ്രത, വിഖായ വളണ്ടിയര്‍മാര്‍ സജീവം
കോഴിക്കോട്: സംസ്ഥാനം കൊവിഡ് -19 നെതിരേ അതീവ ജാഗ്രത പുലര്‍ത്തുമ്പോള്‍ എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവക സംഘമായ വിഖായ വളണ്ടിയര്‍മാരും സജീവമായി രംഗത്ത്. കേരളത്തില്‍ പ്രകൃതിക്ഷോഭം ഉള്‍പ്പെടെ സന്നദ്ധ സേവനത്തിന്റെ ഏത് മേഖലയിലും കൈമെയ് മറന്ന് പ്രവര്‍ത്തന നിരതരാവാറുള്ള വിഖായ വളണ്ടിയര്‍മാരാണ് കൊവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നാടുനീളെ സേവനത്തില്‍ മുഴുകിയിരിക്കുന്നത്.
ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കാനും ശുചീകരണത്തിനും ലഘുലേഖകള്‍ വിതരണം ചെയ്യാനും ആശുപത്രികളിലെ സഹായത്തിനുമെല്ലാം വളണ്ടിയര്‍മാര്‍ സര്‍ക്കാര്‍ സംവിധാനത്തിനൊപ്പം കര്‍മ രംഗത്തുണ്ട്. കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പുമായി സഹകരിച്ച് റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവിയങ്ങളിലെല്ലാം വിഖായയുടെ സേവകര്‍ പ്രവര്‍ത്തന നിരതമാണ്. പൊതുജന ബോധവത്കരണത്തിന്റെ ഭാഗമായി നിര്‍ദേശങ്ങളും സന്ദേശങ്ങളും റെക്കോഡ് ചെയ്ത് ഉച്ചഭാഷിണികളിലൂടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം വയനാട് ജില്ലയിലെ കല്‍പറ്റയില്‍ വച്ച് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍വഹിച്ചു. ബ്രെയ്ക്ക് ദി ചെയിനിന്റെ ഭാഗമായി ഹാന്റ് വാഷിങ് പോയിന്റുകളില്‍ സാനിറ്റൈസറുകള്‍, വാഷ്‌ബേസുകള്‍ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു. പള്ളികളിലും പൊതുസ്ഥലങ്ങളിലും സാനിറ്റൈസറുകള്‍ വിതരണം ചെയ്യുന്നുണ്ട്. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ആരംഭിച്ച ഐസൊലേഷന്‍ ക്യാംപിന്റെ ശുചീകരണമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വിഖായ ഏറ്റെടുത്ത് നടത്തുകയാണ്. വിഡിയോ സ്‌ളൈഡുകളുടെ പ്രദര്‍ശനം സമൂഹ മാധ്യമങ്ങളിലൂടെയുള്ള ജാഗ്രതാ സന്ദേശ പ്രചാരണങ്ങളും നടക്കുകയാണ്. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ വിവിധ ആശുപത്രികളിലെ രക്ത ബാങ്കുകളില്‍ പ്രവര്‍ത്തകര്‍ രക്തദാനം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."