മധ്യപ്രദേശ്: ഉയരുന്നത് ചൗഹാന്റെ പേരുമാത്രമല്ല!
ഭോപ്പാല്‍: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെ വരുതിയിലാക്കി നടത്തിയ വിമത നീക്കത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ടെങ്കിലും, പുതിയ സര്‍ക്കാര്‍ രൂപീകരണം ബി.ജെ.പിക്കും തലവേദനയാകുന്നു. മുഖ്യമന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായിരുന്ന മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനു പുറമേ പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരുകള്‍ ഉയരുന്നതായാണ് സൂചന.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവച്ചതിനു പിന്നാലെ ചൗഹാന്റെ വീട്ടില്‍ ബി.ജെ.പി എം.എല്‍.എമാരുടെ യോഗം വിളിച്ചെങ്കിലും ഇത് അവസാന നിമിഷം റദ്ദാക്കിയിരുന്നു. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് യോഗം റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പാര്‍ട്ടിയിലെ മത്സരവും യോഗം റദ്ദാക്കാന്‍ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ബി.ജെ.പി എം.എല്‍.എമാര്‍ അന്നു സഭയിലെത്തുകയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം ഒരുമിച്ച് ആഘോഷിക്കുകയും ചെയ്ത ശേഷമായിരുന്നു കൊവിഡിന്റെ പേരില്‍ സാമാജികരുടെ യോഗം റദ്ദാക്കിയത്.
ചൗഹാന്‍ സ്വന്തം വീട്ടില്‍ എം.എല്‍.എമാരുടെ യോഗം വിളിച്ചത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നു വ്യക്തമാക്കി സംസ്ഥാനത്തെ ചില ബി.ജെ.പി നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി വിളിക്കുന്ന എം.എല്‍.എമാരുടെ യോഗം പിന്നീട് നടക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ പേര് കഴിഞ്ഞ ദിവസം വൈകിട്ടോടെ ബി.ജെ.പി പ്രഖ്യാപിക്കുമെന്നായിരുന്നു അഭ്യൂഹമെങ്കിലും അത് ഉണ്ടായതുമില്ല. ഇതും പാര്‍ട്ടിയിലെ ഗ്രൂപ്പുപോരിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.നരോത്തം മിശ്ര, കൈലേഷ് വിജയവര്‍ഗിയ എന്നീ നേതാക്കളുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പാര്‍ട്ടി അപ്രതീക്ഷിതമായ ഒരു പേര് പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കോണ്‍ഗ്രസിന്റെ വിമത എം.എല്‍.എമാര്‍ രാജിവച്ച മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയിച്ചാലേ ബി.ജെ.പിക്കു ഭരണം നിലനിര്‍ത്താനാകൂവെന്നതിനാല്‍, സ്വന്തം നിരയിലെ പടലപ്പിണക്കം ബി.ജെ.പിയെ സമ്മര്‍ദത്തിലാക്കുന്നുമുണ്ട്. അതേസമയം, ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുകയുമാണ്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മധ്യപ്രദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. ഇദ്ദേഹത്തിനും മുഖ്യമന്ത്രി സ്ഥാനത്തില്‍ നോട്ടമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."