എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയുടെ വികസനത്തിന് 7.20 കോടിയുടെ ഭരണാനുമതി
എരുമപ്പെട്ടി: എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ വികസപ്രവര്‍ത്തനങ്ങള്‍ക്കായി 7.20 കോടി രൂപയുടെ നബാര്‍ഡ് ധനസഹായം അനുവദിച്ച് ഉത്തരവായി. മന്ത്രി എ.സി മൊയ്തീന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള നിലവിലെ സര്‍ക്കാര്‍ ആശുപത്രിയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള നിരന്തര പരിശ്രമമാണ് നബാര്‍ഡ് ധനസഹായത്തിലൂടെ സാധ്യമായിരിക്കുന്നതെന്ന് മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു.
മൂന്ന് നിലകളോടു കൂടിയതും 1822.71 ച. മീറ്റര്‍ വിസ്തീര്‍ണമുള്ളതുമായ പുതിയ കെട്ടിടമാണ് ഇതിലൂടെ നിര്‍മിക്കുക.
ആധുനിക സൗകര്യങ്ങളോടു കൂടിയ ഓപ്പറേഷന്‍ തിയറ്റര്‍, ലാബ്, ഫാര്‍മസി, ഓപറേഷന് വിധേയമായ രോഗികളെ കിടത്തി പരിചരിക്കുന്ന പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, തീവ്ര പരിചരണവിഭാഗം, പ്രതിരോധ കുത്തിവയ്പിനുള്ള മുറി, കിടത്തി ചികിത്സയ്ക്കുള്ള സ്ത്രീപുരുഷ വാര്‍ഡുകള്‍, ടോയ്‌ലറ്റ് അടക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ എന്നിവയാണ് പുതിയ ആശുപത്രി സമുച്ചയത്തില്‍ ഒരുങ്ങുന്നത്.
കൂടാതെ ആശുപത്രി ജീവനക്കാര്‍ക്കും, ഡോക്ടര്‍മാര്‍ക്കുമുള്ള പ്രത്യേക ക്വാര്‍ട്ടേഴ്‌സുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കും. ആധുനിക സൗകര്യങ്ങളോടെയുള്ള ഈ ആശുപത്രി സമുച്ചയം പൂര്‍ത്തിയാകുന്നതോടെ എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍ പഞ്ചായത്തുകളിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് മികച്ച രീതിയിലുള്ള ചികിത്സാസൗകര്യമാണ് ലഭ്യമാവുക.
പദ്ധതിക്കാവശ്യമായ സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടികളും വേഗത്തിലാക്കി നിര്‍മാണപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."