വടകര റവന്യൂ സബ്ഡിവിഷന്‍ യാഥാര്‍ഥ്യത്തിലേക്ക്
കോഴിക്കോട്: ജില്ലയ്ക്കു പുതുതായി അനുവദിച്ച വടകര റവന്യൂ സബ് ഡിവിഷന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് എ.ഡി.എം ടി. ജനില്‍ കുമാര്‍ അറിയിച്ചു. വടകരയില്‍ പൊതുമരാമത്തിന്റെ പഴയ റസ്റ്റ് ഹൗസ് കെട്ടിടം ഇതിനായി സജ്ജമാക്കി വരികയാണ്. ആവശ്യമായ ജീവനക്കാരുടെ വിന്യാസവും പൂര്‍ത്തിയായി വരുന്നുണ്ടെന്നും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം നിര്‍വഹിക്കുന്നതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു.
കൂരാച്ചുണ്ട് വില്ലേജ് അതിര്‍ത്തി പുനര്‍നിര്‍ണയം പൂര്‍ത്തിയായതായും മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും എ.ഡി.എം അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം രണ്ടാം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹിക്കാന്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ നിര്‍ദേശിച്ചു. ബാലുശ്ശേരി ബൈപാസ്, ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍, പ്രശാന്തി ഗാര്‍ഡന്‍, കൂരാച്ചുണ്ട് കരിയാത്തംപാറ കുടിവെള്ള പദ്ധതി തുടങ്ങിയവ യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ജാഗ്രത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലുശ്ശേരി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിനു ജപ്പാന്‍ കുടിവെള്ള പദ്ധതി വിതരണ ലൈനില്‍ നിന്ന് കണക്ഷന്‍ നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
മൂവ്വായിരത്തോളം കുട്ടികള്‍ പഠിക്കുന്ന കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന പി.ടി.എ റഹീം എം.എല്‍.എയുടെ ആവശ്യത്തിനു നിലവില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളം സപ്ലൈ ചെയ്തുവരുന്നതായി ജല അതോറിറ്റി എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനുള്ള പണം ജില്ലാ പഞ്ചായത്ത് നല്‍കുമെന്നും ഇതുകൂടാതെ വാട്ടര്‍ അതോറിറ്റിയുടെ സ്ഥിരം കണക്ഷന്‍ അനുവദിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിക്കുമെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
റേഷന്‍ വ്യാപാരികള്‍ക്ക് കൃത്യമായ അളവില്‍ ഭക്ഷ്യധാന്യം ലഭിക്കുന്നില്ലെന്ന പരാതി പരിശോധിക്കണമെന്ന് പി.ടി.എ റഹീം എം.എല്‍.എ ആവശ്യപ്പെട്ടു. ഓരോ ഗോഡൗണില്‍ നിന്നും ഇന്‍സ്‌പെക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഇലക്‌ട്രോണിക്‌സ് മെഷീന്‍ വഴി കൃത്യമായ അളവ് ഉറപ്പുവരുത്തിയാണ് ധാന്യങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഇ- പോസ് മെഷീന്‍ വര്‍ക്ക് ചെയ്യുന്നതിന് കണക്റ്റിവിറ്റി പ്രശ്‌നമുള്ള സ്ഥലങ്ങളില്‍ പരമാവധി ആന്റിനകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റ്യാടി ജലസേചന പദ്ധതിയില്‍ നിന്ന് വടകരയിലെ കനാല്‍ ശൃംഖലയിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള അഞ്ചര കോടി രൂപയുടെ പദ്ധതി വേഗത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ജാഗ്രത പാലിക്കണമെന്ന് സി.കെ നാണു എം.എല്‍.എ നിര്‍ദേശിച്ചു. കൊളായി പാലം പുലിമൂട്ട് നിര്‍മാണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ. ദാസന്‍ എം.എല്‍.എയും വാണിമേല്‍, മാഹി പുഴകളുടെ സര്‍വേ നടപടിയും നാദാപുരം താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ അന്തിമ ജോലികളും അനുബന്ധ സാമഗ്രികളുടെ വിതരണവും ത്വരിതപ്പെടുത്താന്‍ ഇ.കെ വിജയന്‍ എം.എല്‍.എയും ആവശ്യപ്പെട്ടു. പയ്യോളി ബീച്ച് പ്രദേശത്തുള്ള ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം കാണണമെന്ന് കെ. ദാസന്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടി ഹാര്‍ബറിനു സമീപത്ത് ഡീസല്‍ ബങ്ക്, തീര മാവേലി സ്റ്റോര്‍, വല കെട്ടുന്ന ഫാക്ടറി തുടങ്ങിയവ സ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
നടമ്മല്‍കടവ് പാലത്തിന് ഭൂമി ഏറ്റെടുത്ത് ഭരണാനുമതി ആയിട്ടുണ്ടെങ്കിലും ആദ്യം സ്ഥലം വിട്ടുനല്‍കി എഗ്രിമെന്റ് വച്ചവര്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ലെന്ന് കാരാട്ട് റസാഖ് എം.എല്‍.എ പരാതിപ്പെട്ടു. ആറങ്ങോട്ട് കുടിവെള്ള പദ്ധതി, ഓമശ്ശേരി പി.എച്ച്.സി കെട്ടിടനിര്‍മാണം എന്നിവ നടപ്പാക്കുന്നതിനുള്ള എസ്റ്റിമേറ്റ് വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പ കുടിശ്ശിക സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ ബാങ്കുകള്‍ അമാന്തം കാണിക്കുന്നതായി ജോര്‍ജ് എം. തോമസ് എം.എല്‍.എ പരാതിപ്പെട്ടു.
ചെറിയ പ്രവൃത്തികളോ നടപടികളോ പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ കോടികള്‍ ചെലഴിച്ച് നിര്‍മിച്ച നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പ്രയോജനമില്ലാതെ കിടക്കുന്നതായും ഇവ പരിശോധിച്ച് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് നടപടി വേണമെന്നും പി.ടി.എ റഹീം എം.എല്‍.എ ആവശ്യപ്പെട്ടു. ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ബീച്ച് ആശുപത്രിയിലെ രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ വി.കെ.സി മമ്മദ് കോയ, പി.ടി.എ റഹീം, ഇ.കെ വിജയന്‍, കാരാട്ട് റസാഖ്, സി.കെ നാണു, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, ജോര്‍ജ് എം. തോമസ്, എ. പ്രദീപ്കുമാര്‍, മറ്റു ജനപ്രതിനിധികള്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എം.എ ഷീല, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."