ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ളംമുട്ടി കുട്ടനാട്ടുകാര്‍
കുട്ടനാട്: ജലനിരപ്പു താഴ്ന്നതോടെ കുടിവെള്ളം ഇല്ലാതെ കുട്ടനാട്ടിലെ ജനങ്ങള്‍ വീണ്ടും വലയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ പൈപ്പിടല്‍ ഇന്നും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അഞ്ചു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച നീരേറ്റുപുറം പദ്ധതിയില്‍ നിന്നു ഇതു വരെ കുട്ടനാട്ടിലെ 13 പഞ്ചായത്തുകളില്‍ വെള്ളം എത്തിക്കാന്‍ കഴിയാത്തത് വന്‍ തിരിച്ചടിയാണ്.
11 വര്‍ഷം മുന്‍പ് കുട്ടനാട്ടിലെ ആറു കേന്ദ്രങ്ങളില്‍ സ്ഥാപിച്ച നാലര ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല ടാങ്കുകള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. നീരേറ്റുപുറം പദ്ധതി ഉദ്ഘാടന വേളയില്‍ ഒരുവര്‍ഷത്തിനകം ജനങ്ങള്‍ക്ക് വെള്ളം എത്തിക്കുമെന്നായിരുന്നു ജനപ്രതിനിധികള്‍ പറഞ്ഞിരുന്നത്.
പദ്ധതിയുടെ പൂര്‍ത്തീകരണത്തിനു കേരള ജല അതോറിറ്റി 268 കോടി രൂപയുടെ സാമ്പത്തിക സഹായത്തിനായി ജെയ്‌ക്കോയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒന്നിനും നടപടിയില്ല.13ാം ധനകാര്യ കമ്മിഷനില്‍ ഉള്‍പ്പെടുത്തി 70 കോടി രൂപയുടെ പൈപ്പിടല്‍ മാത്രമാണ് നടന്നിട്ടുള്ളത് അതും പൂര്‍ത്തീകരിച്ചിട്ടില്ല. ഇത് 11 വര്‍ഷം മുന്‍പ് സ്ഥാപിച്ച ഉപരിതല ടാങ്കുകളില്‍ വെള്ളം എത്തിക്കാന്‍ ആയിരുന്നു.
ഉപരിതല ടാങ്കില്‍ എത്തിക്കുന്ന വെള്ളം എത്തിച്ചാല്‍ തന്നെ എങ്ങനെ വിതരണം ചെയ്യുമെന്ന് അധികൃതര്‍ക്കു പോലും ഇപ്പോള്‍ അറിയാത്ത സ്ഥിതിയാണ്. 40 വര്‍ഷം മുന്‍പ് സ്ഥാപിച്ച പൈപ്പുകള്‍ ആണ് കുട്ടനാട്ടില്‍ ഉടനീളം ഉള്ളത്. ഇവ കാലപ്പഴക്കത്തില്‍ നശിച്ചു.
വെള്ളം വിതരണം ചെയ്യണമെങ്കില്‍ പൂര്‍ണമായും പുതിയ പൈപ്പുകള്‍ ഇട്ടാല്‍ മാത്രമേ സാധിക്കു. നീരേറ്റുപുറം പദ്ധതി കമ്മിഷന്‍ ചെയ്തു എന്ന കാരണം പറഞ്ഞ് കുട്ടനാട് ശുദ്ധജല പദ്ധതിക്കായി പ്രവര്‍ത്തനം ആരംഭിച്ച തിരുവല്ലയില്‍ നിന്നും വിതരണം ചെയ്തിരുന്ന 14 ദശലക്ഷം ലീറ്റര്‍ വെള്ളം ഇപ്പോള്‍ നീരേറ്റുപുറത്തു വച്ച് തടഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."