മോദി ഭരണം ജനാധിപത്യത്തിന് ഭീഷണി: മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യം കടുത്ത നിരാശയിലാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അവിശ്വാസ പ്രമേയം പരിഗണിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തന്നെയാണ് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയത്. രാജ്യത്തെ ജനാധിപത്യം ഇപ്പോള്‍ അപകടത്തിലാണെന്നും മന്‍മോഹന്‍ സിങ് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തിയ ജന്‍ ആക്രോശ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജുഡീഷ്യറിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസാരിച്ച മന്‍മോഹന്‍ സിങ്, ഇത് രാജ്യത്തെ ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസിലൂടെ രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിനായി രാഹുല്‍ ഗാന്ധിയുടെ ദൗത്യത്തെ പിന്തുണക്കണമെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദി സര്‍ക്കാരിന് ഇതുവരെ ആയിട്ടില്ല. ഈ സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഇതുകാരണം ജനങ്ങള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യത്തെ ഈ സ്ഥിതിവിശേഷം മാറ്റാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നാം ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ വഞ്ചിച്ചുവെന്ന് റാലിയില്‍ സംസാരിച്ച യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങള്‍ ഭീക്ഷണി നേരിടുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും അസംതൃപ്തരാണ്. രാജ്യത്ത് പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ രാഹുലിനൊപ്പം നില്‍ക്കാനും സോണിയ ആഹ്വാനം ചെയ്തു. രാഷ്ട്രീയ എതിരാളികളെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് ഒതുക്കുകയാണെന്നും മാധ്യമങ്ങള്‍ക്ക് സത്യം പറയാന്‍ കഴിയാത്ത അവസ്ഥയാണെന്നും ആവര്‍ ആരോപിച്ചു. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ദുരിതം അനുഭവിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."