രാജ്യത്തെ ജനങ്ങള്‍ക്ക് മോദി നല്‍കിയത് അഴിമതി മാത്രമെന്ന് രാഹുല്‍
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനുമെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒഡിഷയിലെ കലഹാന്ദി ജില്ലയിലെ ഭവാനിപട്‌നയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
മോദിയും പട്‌നായിക്കും ഒരേ വണ്ടിയില്‍ സഞ്ചരിക്കുന്നവരാണ്. ജനങ്ങളുടെ ഭൂമി പിടിച്ചെടുത്ത് വ്യവസായികളായ സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ് അവര്‍ ചെയ്യുന്നത്. മോദിയുടെ വിദൂര നിയന്ത്രിത ഉപകരണമായിട്ടാണ് പട്‌നായിക്ക് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.
രാജ്യത്തെ ജനങ്ങള്‍ക്ക് മോദി നല്‍കിയത് റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയാണ്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പ് നല്‍കും. തങ്ങള്‍ പ്രഖ്യാപിക്കുന്ന പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കല്‍ നടപടി ലോകത്തെ ഒരു ശക്തിക്കും തടസപ്പെടുത്താന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
ഓരോരുത്തര്‍ക്കും 15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുമെന്നതോ അല്ലെങ്കില്‍ രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്നതോ പോലുള്ള മോദിയുടെ വാഗ്ദാനമല്ല കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്നത് കോണ്‍ഗ്രസിന്റെ നയമാണെന്നതില്‍ ആരും സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. ഈ കാവല്‍ക്കാരന്റെ നിയന്ത്രണത്തിലാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്. എന്താണോ കാവല്‍ക്കാരന്‍ പറയുന്നത്, അത് നവീന്‍ പട്‌നായിക്ക് ചെയ്യും. കര്‍ഷകരെ സഹായിക്കുന്നതിനായി ചരിത്രപരമായ കാല്‍വയ്പാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചതെന്നാണ് പിയൂഷ് ഗോയല്‍ പറഞ്ഞത്.
കര്‍ഷകരുടെ കുടുംബത്തിന് പെന്‍ഷന്‍ എന്ന നിലയില്‍ പ്രതിദിനം 3.5 രൂപയും കര്‍ഷകര്‍ക്ക് പ്രതിദിനം 17 രൂപയും നല്‍കുമെന്ന് ബജറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഇനത്തില്‍ 3.5 രൂപ നല്‍കുമ്പോള്‍ തന്റെ 20 ഓളം വരുന്ന വ്യവസായ സുഹൃത്തുക്കളുടെ 3.5 ലക്ഷം കോടി വായ്പയാണ് മോദി എഴുതി തള്ളിയത്.
യു.പി.എ ഭരണകാലത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ 35,000 കോടി രൂപയാണ് പ്രതിവര്‍ഷം ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തുക തന്റെ സുഹൃത്തുക്കളുടെ കീശയിലേക്കാണ് മോദി വകമാറ്റിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നുപോലും നടപ്പാക്കാതിരിക്കില്ല. പറഞ്ഞ പദ്ധതികള്‍ അഞ്ചോ ആറോ മാസത്തിനുള്ളില്‍ തന്നെ നടപ്പാക്കി തുടങ്ങും. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ജനങ്ങള്‍ക്കായി നടപ്പാക്കിയ പല പദ്ധതികളും മോദി സര്‍ക്കാര്‍ നശിപ്പിച്ചു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
വിവരാവകാശ നിയമപ്രകാരം ജനങ്ങള്‍ക്ക് ഏത് കാര്യത്തെക്കുറിച്ചും വിവരം തിരക്കാമെന്നതും മോദി സര്‍ക്കാര്‍ ഇല്ലാതാക്കി. എന്തെല്ലാമാണോ യു.പി.എ സര്‍ക്കാര്‍ നല്‍കിയത് അതെല്ലാം എന്‍.ഡി.എ സര്‍ക്കാര്‍ നശിപ്പിച്ചിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."