സെന്‍ട്രലൈസഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ കുടിയിറക്ക് ഭീഷണിയില്‍
തിരുവനന്തപുരം: വാടക മുടങ്ങിയതോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സെന്‍ട്രലൈസഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ ഒഴിപ്പിക്കാനൊരുങ്ങി കെട്ടിട ഉടമകള്‍. വാടക, കുടിശികയായിട്ട് എട്ടു മാസം പിന്നിട്ടു. ഇതോടെയാണ് കെട്ടിട ഉടമകള്‍ ഒഴിപ്പിക്കാന്‍ ഒരുങ്ങുന്നത്. വാടക ലഭിക്കാത്തിനു പുറമേ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടത്താതെ കെട്ടിടങ്ങള്‍ നാശത്തിന്റെ വക്കിലായതും കുടിയിറക്കിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ കാരണമായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണ സമിതി മാറിയതോടെ ഓഫിസിലും പുതിയ ആളുകള്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ അവതാളത്തിലായത്. വാടക നല്‍കാനുള്ള ഫയല്‍ നീങ്ങാത്തതാണ് പ്രതിസന്ധിക്ക് കാരണം.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്ത് 24 സെന്‍ട്രലൈസഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളാണ് ഉള്ളത്. ഇതില്‍ 22 എണ്ണം വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. 14,000 മുതല്‍ 22,000 വരെയാണു കെട്ടിടങ്ങളുടെ പ്രതിമാസ വാടക. വാടക കുടിശിക ആവശ്യപ്പെട്ട് കെട്ടിട ഉടമകള്‍ നിരവധി തവണ കൗണ്‍സില്‍ ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍, ഫയല്‍ പുതിയ ജീവനക്കാരന്‍ പഠിച്ചു വരുന്നതേയുള്ളു, സീറ്റില്‍ ആളില്ല തുടങ്ങിയ പതിവു പല്ലവികള്‍ ആവര്‍ത്തിച്ച് കെട്ടിട ഉടമകളെ മടക്കി അയക്കുകയാണ്. പല കെട്ടിട ഉടമകളുടെയും ജീവിതം ഈ വാടക പ്രതീക്ഷയിലാണ്. എട്ടു മാസമായി വാടക കുടിശികയായത് ഇവരെ കടുത്ത പ്രതിസന്ധിയിലാക്കിട്ടുണ്ട്. ഇതോടെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അനാസ്ഥയില്‍ ഗതിക്കെട്ട കെട്ടിട ഉടമകള്‍ ഹോസ്റ്റലുകള്‍ ഒഴിപ്പിക്കാനുള്ള ആലോചന തുടങ്ങിയത്. നിലവില്‍ ഫയല്‍ കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥനു കാര്യങ്ങള്‍ അറിയാത്തതാണ് വാടക മുടങ്ങാന്‍ കാരണം.
ഇതിനുപുറമേ കൃത്യമായ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ ഹോസ്റ്റലുകളിലെ ടോയ്‌ലറ്റുകളും പരിസരങ്ങളും വൃത്തിഹീനമായി കിടക്കുകയാണ്. ടോയ്‌ലെറ്റുകളുടെ വാതിലുകളും തറയില്‍ പതിച്ച ടൈലുകളും ക്ലോസെറ്റുമെല്ലാം തകര്‍ന്ന അവസ്ഥയിലാണ്. മിക്ക ഹോസ്റ്റലുകളിലും കായിക താരങ്ങളുടെ വാസം ദുരിതത്തിലാണ്.
സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ ഗ്രാന്റ് വാങ്ങി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ മേഴ്‌സിക്കുട്ടന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മോശം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ അച്ചുപൂട്ടണമെന്ന ശുപാര്‍ശയാണ് നല്‍കിയത്. എന്നാല്‍, കൗണ്‍സില്‍ നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളുടെ ദുരിതം ഭരണ സമിതി കണ്ടില്ലെന്നു നടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."