ശിരോവസ്ത്രം അഴിപ്പിക്കല്‍ നടപടി: മുസ്ലിംലീഗ് പ്രതിഷേധപ്രകടനം നടത്തി
പാലക്കാട്: ഗുജറാത്തില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ശിരോവസ്ത്രം ധരിച്ച മുസ്്‌ലിം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച നടപടി ബി.ജെ.പി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മുഖത്തിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന്് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.എം.എ കരീം പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങള്‍ക്ക് അവരവരുടെ സംസ്‌കാരത്തിനനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. ഫാസിസ്റ്റ് രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള മോദിയുടെ ഇത്തരം നീക്കങ്ങള്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി അഹമ്മദാബാദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികളെ തടഞ്ഞുവച്ച സംഭവത്തില്‍ ജില്ലാ മുസ്്‌ലിം ലീഗ് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കരീം.
ഇന്ത്യയില്‍ സിക്കുമതവിശ്വാസികള്‍ അടക്കമുള്ളവര്‍ക്ക് പ്രത്യേക വസ്ത്രങ്ങളും വേഷങ്ങളും ധരിക്കാന്‍ ഭരണഘടന പ്രത്യേക അനുമതി നല്‍കുന്നുണ്ട്. മാത്രമല്ല ഓരോ സംസ്ഥാനങ്ങള്‍ക്കും വരെ വ്യത്യസ്ത വസ്ത്രരീതികളാണുള്ളത്.
ലോകത്ത് ശിരോവസ്ത്രം ധരിക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ല. എന്നിരിക്കെ മുസ്്‌ലിംകളോട് മാത്രമായി മോദി കാണിക്കുന്ന ഈ നിലപാട് മതേതരസമുഹം എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കളത്തില്‍ അബ്ദുല്ല, മരക്കാര്‍ മാരായമംഗലം, എം.എം ഹമീദ്, പി.എ തങ്ങള്‍, പൊന്‍പാറ കോയക്കുട്ടി, കല്ലടി അബൂബക്കര്‍, എം.എം ഫാറൂഖ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, ഇക്ബാല്‍ പുതുനഗരം, സ്വാലിഹ ടീച്ചര്‍, റിസ്വാന, ഷംല ഷൗക്കത്ത്, എം.കെ സുബൈദ, റഫീഖ, ഫാത്തിമ, ഷറീന ബഷീര്‍ ഖൈറുന്നീസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."