പുരാതന നാണയങ്ങളോടുമുള്ള അഭിനിവേശവുമായി രാജന്‍ അഷ്ടമിച്ചിറ
മാള: സ്മരണകളുറങ്ങുന്ന പുരാതന നാണയങ്ങളോടുമുള്ള അടങ്ങാത്ത അഭിനിവേശവുമായി അമ്പത്തഞ്ചാം വയസിലും രാജന്‍ അഷ്ടമിച്ചിറ തന്റെ ഏകാന്ത യാത്രകള്‍ തുടരുന്നു.
പുരാതന നാണയങ്ങള്‍ ശേഖരിക്കുന്നതിനുള്ള യാത്രകള്‍ രാജനു ഒരു ആവേശമാണ്. അന്‍പതിലേറെ രാജ്യങ്ങളിലെ നൂറുകണക്കിനു പുരാതന നാണയങ്ങള്‍ രാജന്റെ ശേഖരത്തിലുണ്ട്. വിജയനഗര സാമ്രാജ്യത്തിലെ ബെലെ എന്ന പേരുള്ള നാണയമാണു ശേഖരത്തിലുള്ള ഏറ്റവും ചെറിയ നാണയം.
ബി.സി 500 നും 300 നും ഇടയില്‍ ഭാരതത്തില്‍ ഉപയോഗിച്ചിരുന്ന മഷക എന്ന നാണയമാണു അദേഹത്തിന്റെ കൈവശമുള്ള ഏറ്റവും പഴക്കമുള്ള നാണയം. ഒന്നാം നൂറ്റാണ്ടിലെ കുശാന സാമ്രാജ്യത്തിലെ ചക്രവര്‍ത്തി കനിഷ്‌കന്റെ കാലത്തെ നാണയവും ശേഖരത്തിലുണ്ട്. കച്ച് നാട്ടുരാജ്യത്തിലെ നാണയമാണു ഏറ്റവും വലുത്. നേതാജി സുഭാഷ് ചന്ദ്ര ബോസ് ഒളിവില്‍ കഴിയുമ്പോള്‍ രൂപീകരിച്ച ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ പേരില്‍ അടിച്ചിറക്കിയ നാണയം അദേഹത്തിന്റെ ശേഖരത്തിലുള്ള പ്രധാന നാണയമാണ്.
ഇതിന്റെ ഒരു ഭാഗത്തു ദേശീയ പതാകയും മറുഭാഗത്തു അവിഭക്ത ഇന്ത്യയുടെ ഭൂപടവും മുദ്രണം ചെയ്തിട്ടുണ്ട്. ചരിത്ര പുരുഷന്‍മാരായ പൃഥ്വി രാജ് ചൗഹാന്‍, അലാവുദ്ധീന്‍ ഖില്‍ജി, മുഹമ്മദ് ബിന്‍ തുഗ്ലക്, അക്ബര്‍ , ഷാജഹാന്‍ ചക്രവര്‍ത്തി, ശിവജി, ഔറംഗസേബ്, ടിപ്പു സുല്‍ത്താന്‍ , ഹൈദറാലി, മാര്‍ത്താണ്ഡവര്‍മ്മ, ചന്ദ്രഗുപ്തന്‍, അശോക ചക്രവര്‍ത്തി , സുന്ദര പാണ്ഡ്യന്‍എന്നീ രാജാക്കന്‍മാരുടെ നാണയങ്ങള്‍ രാജന്റെ ശേഖരത്തിലുണ്ട് . റോമ സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, പല്ലവ സാമ്രാജ്യം, കൊച്ചി, തിരുവിതാംകൂര്‍ , സിന്ധ്, ഗുജറാത്ത്, ഇന്‍ഡോര്‍, ഗ്വാളിയോര്‍, ബറോഡ, ഉദയ്പൂര്‍, ജയ്പൂര്‍, മാള്‍വ, പുതുക്കോട്ട, കശ്മീര്‍ എന്നീ നാട്ടുരാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളും അദേഹത്തിനു ലഭിച്ചവയിലുണ്ട്. ഇന്ത്യയിലെ അധിനിവേശ ശക്തികളായിരുന്ന പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഡച്ച്, ബ്രിട്ടീഷ് ഭരണാധികാരികള്‍ അവരുടെ സ്വാധീന മേഖലകളില്‍ അടിച്ചിറക്കിയ നാണയങ്ങളും അദേഹത്തിനു ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.
കൂടാതെ ചൈന, മലേഷ്യ, തായ്‌ലാന്റ് , ഈജിപ്റ്റ്, ജപ്പാന്‍, എത്രോപ്യ, നേപ്പാള്‍, പാകിസ്താന്‍ തുടങ്ങിയ അന്‍പതോളം രാജ്യങ്ങളിലെ നാണയങ്ങളും അദേഹം സൂക്ഷിക്കുന്നുണ്ട്. ചരിത്ര പ്രധാന്യമുള്ള പുരാതന നാണയങ്ങളുടെ ഉറവിടം തേടിയുള്ള രാജന്‍ അഷ്ടമിച്ചിറയുടെ ഏകാന്ത യാത്രകള്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."