എ.ഡി.എമ്മിന്റെ കാലൊടിച്ച കേസ് കുറ്റപത്രം നല്‍കാതെ ക്രൈംബ്രാഞ്ച്
തൊടുപുഴ: ഇടുക്കി എ.ഡി.എമ്മായിരുന്ന മോന്‍സി പി. അലക്‌സാണ്ടറുടെ കാലൊടിച്ച കേസിന്റെ കുറ്റപത്രം നല്‍കാതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു. പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍, സി.പി.എം നേതാവ് ചന്ദ്രബാബു എന്നിവരുള്‍പ്പെടെ അമ്പതോളം പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.
ഒന്നരവര്‍ഷം മുമ്പ് പെരുവന്താനത്തെ സ്വകാര്യ എസ്റ്റേറ്റിന്റെ ഗേറ്റ് സ്ഥാപിക്കാനെത്തിയ എ.ഡി.എമ്മിനെ ബിജിമോള്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു.
പീരുമേട് സി.ഐ ആയിരുന്ന മനോജ്കുമാര്‍ അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിലേയ്ക്ക് എത്തി. ഡി.വൈ.എസ്.പി എം. ജോണ്‍സണ്‍ ജോസഫിനായിരുന്നു അന്വേഷണ ചുമതല. മുഖ്യപ്രതികളെ അറസ്റ്റുചെയ്യാത്ത നടപടിക്കെതിരേ മോന്‍സി പി. അലക്‌സാണ്ടര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജി പരിഗണിച്ച കോടതി ബിജിമോളെ അറസ്റ്റ് ചെയ്യാന്‍ തയാറാകാത്ത ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടു.
ജഡ്ജിയുടെ പരാമര്‍ശം അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധികാരത്തിലുള്ള കൈകടത്തലാണെന്ന് പറഞ്ഞ് പൊലിസ് ഹൈക്കോടതി പരാമര്‍ശത്തിനെതിരേ അപ്പീല്‍ നല്‍കിയെങ്കിലും കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.
ആറ് മാസം മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേയ്ക്ക് അയച്ചതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്നും ഫയല്‍ തിരികെ ലഭിക്കാത്തതാണ് കുറ്റപത്രം വൈകാന്‍ കാരണം.
അന്വേഷണ റിപ്പോര്‍ട്ട് കോടതിയിലെത്തിക്കുന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് കാണിക്കുന്ന കുറ്റകരമായ അനാസ്ഥയ്‌ക്കെതിരേ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ആലപ്പുഴയില്‍ പുഞ്ച സ്‌പെഷ്യല്‍ ഓഫിസറായി പ്രവര്‍ത്തിക്കുന്ന മോന്‍സി പി. അലക്‌സാണ്ടര്‍. ഹൈക്കോടതി അഭിഭാഷകനായ എസ്. രാജീവ് വഴിയാണ് നിയമ നടപടിക്കൊരുങ്ങുന്നത്. കേസില്‍ സ്വകാര്യ അന്യായവും ബിജിമോള്‍ എം.എല്‍.എയ്‌ക്കെതിരേ മാനഷ്ടത്തിന് കേസ് നല്‍കാനും കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."