വിദേശ വനിതയെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ അറസ്റ്റ് ഉടനുണ്ടാകും
കോവളം: വാഴമുട്ടത്തെ കണ്ടല്‍ കാടിനുള്ളില്‍ വിദേശ വനിതയെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ അറസ്റ്റ് ഉടനുണ്ടാകും. ലിഗ സ്‌ക്രോമേന്‍ എന്ന 33കാരി ബലപ്രയോഗത്തിനിടെ കൊല്ലപ്പെടുകയായിരുന്നുവെന്ന പേസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് അറസ്റ്റ് ഉടനുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചത്.
മാര്‍ച്ച് 14ന് കോവളത്ത് വെച്ച് കാണാതായ ലിഗയുടെ മൃതദേഹം കഴിഞ്ഞ 20ന് വാഴമുട്ടത്തെ കണ്ടല്‍കാട്ടില്‍ തലവേര്‍പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ നാല് പേര്‍ക്ക് ലിഗയുടെ മരണവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
മൃതദേഹം കണ്ടെത്തിയ അന്നുമുതല്‍ കണ്ടല്‍ക്കാടും പരിസരവും അരിച്ചുപെറുക്കിയ പൊലിസിന് തലമുടി, തൊലിയുടെ ഭാഗങ്ങള്‍, വിരലടയാളങ്ങള്‍ തുടങ്ങി നിര്‍ണായകമായ തെളിവുകളും ലഭിച്ചിരുന്നു. ഇവയുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് അറസ്റ്റ് വൈകാന്‍ കാരണം. ഇതിനിടെ ഇന്നലെ കണ്ടല്‍കാട്ടില്‍ എത്തിയ പൊലിസ് സംഘം പ്രദേശവാസികളായ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ച് സമീപത്ത കനാലില്‍ തെരച്ചില്‍ നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകള്‍ കനാലില്‍ ഉപേക്ഷിച്ചതായി കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കനാലില്‍ തെരച്ചില്‍ നടത്തിയതെന്നാണ് സൂചന.
കോവളത്ത് നിന്ന് വശീകരിച്ച് കൊണ്ടുവന്ന ലിഗയെ കണ്ടല്‍കാട്ടില്‍ എത്തിച്ച ശേഷം മല്‍പിടുത്തത്തിന് ഒടുവില്‍ കഴുത്തില്‍ ചവിട്ടിപ്പിടിച്ചോ വള്ളികൊണ്ടുള്ള കുരുക്കിട്ടോ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. സംഭവസ്ഥലത്തു നിന്ന് ശേഖരിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ പ്രതികളുടെ അറസ്റ്റുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."