HOME
DETAILS
MAL
'മരണ'വീട്ടിലേക്കുള്ള യാത്ര പൊലിസ് തടഞ്ഞു; സംശയം തോന്നി വിളിച്ചപ്പോള്‍ ഫോണെടുത്തത് 'പരേതന്'
backup
March 26 2020 | 04:03 AM
സ്വന്തം ലേഖകന്‍
ചവറ(കൊല്ലം): കൊവിഡ് -19 ഭീതിയില്‍ സംസ്ഥാനത്ത് കടുത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെ പൊലിസിനെ കബളിപ്പിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച വിരുതന് പിടിയില്‍. ചവറയില്‍ ഇന്നലെ രാവിലെയാണ് സംഭവം. ചവറ സി.ഐ നിസാമുദ്ധീന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി അനാവശ്യ യാത്രകള്‍ നടത്തുന്നവരെ മടക്കി അയച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് അളിയന്റെ 'മരണ'ത്തിന് പോകാനായി ചവറ സ്വദേശി എത്തിയത്. ഓട്ടോയിലെത്തിയ ഇയാളെ പൊലിസ് തടഞ്ഞു വിവരങ്ങള്‍ തിരക്കി. ഓട്ടോ തടഞ്ഞ പൊലിസിനോട്, അളിയന് മരിച്ചുവെന്നും മരണവീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞു. കൂടാതെ സത്യവാങ്മൂലവും എഴുതി നല്കി. ഇയാളുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ പൊലിസുകാര്‍ മരണവീട്ടിലെ നമ്പര്‍ വാങ്ങി വിളിച്ചു. എന്നാല്‍ മറു തലയ്ക്കല്‍ ഫോണെടുത്തതാകട്ടെ
'പരേതനായ' അളിയനും. തന്റെ മരണ വിവരമറിഞ്ഞ് 'പരേതന്' ഞെട്ടി. സമീപകാലത്തൊന്നും കുടുംബത്തില്‍ മരണം നടന്നിട്ടില്ലെന്നും അയാള്‍ പൊലിസിനോട് പറഞ്ഞു. പിന്നാലെ ചവറ സ്വദേശിയെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കള്ള സത്യവാങ്മൂലം നല്‍കിയതിന് കേസും ഇയാളുടെ പേരിലെടുത്തു. ഓട്ടോയും പൊലിസ് പിടിച്ചെടുത്തു. ഡ്രൈവര്‍ക്കെതിരേയും നടപടി സ്വീകരിച്ചു. പിന്നീട് ചവറ സ്വദേശിയെ ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."