പ്ലസ് വണ്‍ മാനേജ്‌മെന്റ് സീറ്റിനുള്ള വിലപേശല്‍ നേരത്തേ തുടങ്ങി
കഠിനംകുളം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ഇന്ന് വരാനിരിക്കെ മാനേജ്‌മെന്റ് സീറ്റിന് വേണ്ടിയുള്ള വിലപേശല്‍ ദിവസങ്ങള്‍ക്ക് മുമ്പേ തുടങ്ങി.
കണിയാപുരം കഴക്കൂട്ടം മേഘലയിലെ എയിഡഡ് സ്‌കൂളുകളിലാണ് ആദ്യ അലോട്ട്‌മെന്റ് വരുന്നതിന് മുമ്പേ സീറ്റ് കച്ചവടം തുടങ്ങിയത്. സീറ്റ് ഒന്നിന് ഇരുപതിനായിരം രൂപ മുതലാണ് വിലയായി പറയുന്നത്. കണിയാപുരത്തെ ഒരു പ്രമുഖ എയിഡഡ് സ്‌കൂളില്‍ സയന്‍സ് വിഭാഗത്തിലേക്ക് അഡ്മിഷനായി പോയ ഒരു രക്ഷകര്‍ത്താവിനോട് 75000 രൂപയും പി.ടി.എ ഫണ്ടും, സ്‌കൂള്‍ ഡവലപ്‌മെന്റ് ഫണ്ട് വേറേ ആവിശ്യപ്പെട്ടതായും പരാതിയുണ്ട്.
ഹ്യുമാനിറ്റീസിനാകട്ടെ 50,000 രൂപയാണ് ഈ സ്‌കൂളില്‍ ചോദിക്കുന്നതെന്നു പറയുന്നു. സയന്‍സിസ് സീറ്റിനാണ് മാനേജ്‌മെന്റ് വന്‍തുക ചോദിക്കുന്നത്. 75000 രൂപ ഇല്ലങ്കില്‍ ഇങ്ങോട്ട് വരേണ്ടെന്ന മറുപടിയും രക്ഷിതാക്കള്‍ കേള്‍ക്കുന്നു. ഇല്ലാത്ത പണമുണ്ടാക്കി എങ്ങനെയെങ്കിലും മാനേജ്‌മെന്റിന് നല്‍കിയാലും അഡ്മിഷനായി അധ്യാപകരുടേയും മറ്റും പിരിവ് വേറേയുണ്ടെന്നും പറയുന്നു.
കണിയാപുരത്തെ എയിഡഡ് സ്‌കൂള്‍ ഒഴിവാക്കിയാല്‍ പ്രദേശത്തെ മറ്റൊരു സ്‌കൂളിലും മാനേജ്‌മെന്റ് സീറ്റിന് ഇത്ര വലിയ വില ഇല്ലന്ന് തന്നെയാണ് രക്ഷിതാക്കളുടെ അഭിപ്രായം. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ തീരദേശത്തെ ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ഒരു എയിഡഡ് സ്‌കൂളില്‍ സയന്‍സിന് വെറും 25,000 രൂപയാണ് വാങ്ങുന്നത്. മറ്റു വിഷയങ്ങള്‍ക്കാകട്ടെ നേര്‍ പകുതി തുകയും. കാര്യവട്ടത്തുള്ള എയിഡഡ് സ്‌കൂളിലും പ്ലസ് വണ്‍ മാനേജ്‌മെന്റ് സീറ്റ് വിലപേശി തന്നെയാണ് നല്‍കുന്നത്.
ഈ സ്‌കൂളുകളില്‍ വന്‍ തുക നല്‍കി അഡ്മിഷന്‍ നേടിയാലും വിദ്യാര്‍ഥിയേയും രക്ഷിതാവിനേയും വിലയിരുത്തി പി.ടി.എ ഭാരവാഹി ഫണ്ടും ചോദിക്കും. ഇതുതന്നെയാണ് മെറിറ്റില്‍ അഡ്മിഷനെടുക്കാനെത്തുന്നവരോടുമുള്ളത്. കമ്മ്യൂനിറ്റി ക്വാട്ടയിലേക്കുള്ള അപേക്ഷ നല്‍കുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം കണിയാപുരത്തെ സ്‌കൂള്‍ തിരിമറി നടത്തിയതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഒപ്പം ഈ സീറ്റിലും അട്ടിമറി ന്നടത്താന്‍ മാനേജ്‌മെന്റുകള്‍ ശ്രമിച്ചിരുന്നതായും ആക്ഷേപമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."