വാറ്റ്: ബഹ്‌റൈനിലെ കച്ചവട സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കി
#സി.എച്ച് ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്‌റൈനില്‍ വാറ്റ് ആരംഭിച്ച് ഒരു മാസം പിന്നിട്ടതോടെ കച്ചവട സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കി. വാറ്റിന്റെ മറവില്‍ വിലകുറഞ്ഞ ഉല്‍പന്നങ്ങള്‍ വില കൂട്ടി വില്‍ക്കുന്നതുള്‍പ്പെടെയുള്ള പരാതികള്‍ വ്യാപകമായി ഉയര്‍ന്നതോടെയാണ് ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ച് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയത്.
വാണിജ്യ മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡയറക്ടറേറ്റുമായി ചേര്‍ന്ന് വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയ ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ നടത്തുന്നത്.
ഇതിനിടെ വാറ്റ് ബാധകമല്ലാത്ത ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് പെട്ടെന്ന് മനസ്സിലാക്കാവുന്ന വിധം പ്രത്യേകം അടയാളപ്പെടുത്തണമെന്ന് വ്യപാരികള്‍ക്ക് ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ കര്‍ശന നിര്‍ദേശവും പുറപ്പടെുവിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വ്യാപാരികള്‍ക്ക് നേരത്തെ നല്‍കിയിരുന്നുവെങ്കിലും പരാതികള്‍ വ്യാപകമായതോടെയാണ് വീണ്ടും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വാറ്റ് ഈടാക്കാത്ത സാധനങ്ങള്‍ ഏതെന്ന് ഉപഭോക്താക്കള്‍ക്ക് എളുപ്പം തിരിച്ചറിയാനും വാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുതാര്യത ഉണ്ടാകുന്നതിനും വേണ്ടിയാണ് ഈ ഉത്തരവെന്ന് അധികൃതരെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
2019 ജനുവരി 1 മുതലാണ് ബഹ്‌റൈനില്‍ മൂല്യ വര്‍ധിത നികുതിയായ വാറ്റ് നിലവില്‍ വന്നത്. 5 മില്യണ്‍ ദിനാര്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളാണ് ആദ്യഘട്ടത്തില്‍ വാറ്റിന്റെ പരിധിയിലുള്ളത്. ഇത്തരം കമ്പനികള്‍ ടാക്‌സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ധനകാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇപ്രകാരം വാറ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ അധികൃതര്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ കാണും വിധം കടയുടെ പരിസരത്ത് പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
എന്നാല്‍ ഇത്തരം നിയമ നടപടികള്‍ ഒന്നും പൂര്‍ത്തിയാക്കാതെ വാറ്റിന്റെ പേരില്‍ വിലകൂട്ടി വില്‍പ്പന നടത്തിയ പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു.
വാറ്റ് സംബന്ധമായ അറിയിപ്പുകള്‍ക്ക് മാത്രമായി 80008001 എന്ന ഹോട്ട് ലൈന്‍ നമ്പറും [email protected] എന്ന ഇമെയില്‍ വിലാസവും പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഇവയിലൂടെ നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."