ടോംസ് മാനേജ്‌മെന്റ് പീഡനം തുടരുന്നു വിദ്യാര്‍ഥിക്ക് പൊലിസ് ഭീഷണി
തിരുവനന്തപുരം: വിദ്യാര്‍ഥി പീഡനങ്ങളെ തുടര്‍ന്ന് അംഗീകാരം റദ്ദാക്കപ്പെട്ട മറ്റക്കര ടോംസ് എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിക്ക് നേരെ മാനേജ്‌മെന്റ് പീഡനം തുടരുന്നതായി പരാതി. സമരത്തിനിറങ്ങിയ വിദ്യാര്‍ഥിയെ പൊലിസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. അയര്‍കുന്നം പൊലിസ് സ്റ്റേഷനിലെ എസ്.ഐ ഫോണില്‍ ഭീഷണി മുഴക്കിയെന്ന് രണ്ടാംസെമസ്റ്റര്‍ കെമിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥി അഫ്‌സല്‍ ഷാ സുപ്രഭാതത്തോട് പറഞ്ഞു.
ടോംസ് കോളജിലെ വിദ്യാര്‍ഥി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അഫ്‌സല്‍ ഷാ ഫെയ്‌സ് ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് പൊലിസിനെ ഉപയോഗിച്ചുള്ള ചെയര്‍മാന്റെ ഭീഷണി. നേരത്തെ സോഷ്യല്‍ മീഡിയയിലൂടെയും അഫ്‌സലിനെതിരെ സൈബര്‍ ആക്രമണങ്ങളുണ്ടായിരുന്നു. ഇതു ഫലിക്കാതെ വന്നപ്പോഴാണ് പൊലിസിനെ ഉപയോഗിച്ച് മാനേജ്‌മെന്റിന്റെ ഭീഷണി.
മാര്‍ച്ച് രണ്ടിന് അയര്‍കുന്നം എസ്.ഐ എന്ന് പരിചയപ്പെടുത്തിയ ആള്‍ അഫ്‌സലിനോട് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. അഫ്‌സലിന്റെ പിതാവ് ഷാജഹാന്റെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. നവമാധ്യങ്ങളിലൂടെ ടോംസ് കോളജിനെ അപകീര്‍ത്തിപ്പെടുത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അതിനാല്‍ മാര്‍ച്ച് അഞ്ചിന് പൊലിസ് സ്റ്റേഷനില്‍ ഹാജരാകണം. ഇല്ലെങ്കില്‍ സൈബര്‍ സെല്ലിന് കേസ് കൈമാറുമെന്നും എസ്.ഐ ഭീഷണിയുയര്‍ത്തി.
വിശദവിവരമറിയുന്നതിന് പള്ളിക്കത്തോട് സി.ഐ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന വിവരമാണ് ഷാജഹാന് ലഭിച്ചത്. പരാതിയുമായി കോളജധികൃതര്‍ സമീപിച്ചപ്പോള്‍ ഇക്കാര്യത്തിന് കേസെടുക്കാനാവില്ലെന്ന് അവരെ അറിയിച്ചതായും സി.ഐ ഓഫീസ് അറിയിച്ചു.
ഇതോടെയാണ് അയര്‍കുന്നം എസ്.ഐയെ സ്വാധീനിച്ചുള്ള മാനേജ്‌മെന്റിന്റെ ഗൂഢാലോചനയാണിതെന്ന് വ്യക്തമായത്. തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ ഹാജരായില്ലെന്നും ഷാജഹാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."