കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും വീണ്ടും ഏറ്റുമുട്ടലിലേക്ക്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് നീങ്ങുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ശാരദാ ചിട്ടിഫണ്ട് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൊല്‍ക്കത്ത പൊലിസ് കമ്മിഷണറുടെ വസതിയില്‍ റെയ്ഡ് ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പ്രതിരോധിച്ചതിനു പിന്നാലെയുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങിയെന്ന് കരുതിയിരുന്നെങ്കിലും മമതക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത് വീണ്ടും കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വഴിതുറന്നിരിക്കുകയാണ്.
മമത മൂന്ന് ദിവസം കൊല്‍ക്കത്ത മെട്രോ ചാനലില്‍ നടത്തിയ ധര്‍ണയില്‍ പങ്കെടുത്ത അഞ്ച് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്ന പൊലിസ് മെഡലുകള്‍ തിരിച്ചെടുക്കാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട് പുറത്തു വന്നത്. അഖിലേന്ത്യാ പൊലിസ് സര്‍വിസ് റൂളിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ മെഡലുകളാണ് തിരിച്ചെടുക്കാന്‍ ആലോചിക്കുന്നത്. ഉദ്യോഗസ്ഥരുടെ പേരുകള്‍ എംപാനല്‍ ചെയ്യുന്ന പട്ടികയില്‍ നിന്ന് ഒരു നിശ്ചിത കാലയളവിലേക്ക് ഇവരെ വിലക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ കണ്ണിലെ കരടായി മാറിയ പൊലിസ് ഉദ്യോഗസ്ഥരുടെ പട്ടികയിലുള്ളവര്‍ സംസ്ഥാന പൊലിസ് മേധാവി വീരേന്ദ്ര, എ.ഡി.ജി.പി വിനീത് കുമാര്‍ ഗോയല്‍, എ.ഡി.ജി.പി(ക്രമസമാധാനം) അനൂജ് ശര്‍മ, പൊലിസ് കമ്മിഷണര്‍(ബിദാ നഗര്‍ കമ്മിഷനറേറ്റ്) ജ്ഞാന്‍വന്ത് സിങ്, അഡിഷനല്‍ പൊലിസ് കമ്മിഷണര്‍(കൊല്‍ക്കത്ത) സുപ്രതിം ദര്‍ക്കാര്‍ എന്നിവരാണ്.
രാഷ്ട്രീയ നിറം കലര്‍ത്തി മുഖ്യമന്ത്രി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ നടപടി വേണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."