ഇറാനെതിരെ ട്രംപിന്റെ നീക്കങ്ങള്‍ക്ക് സഊദിയുടെ പൂര്‍ണ പിന്തുണ: സഊദി വിദേശകാര്യമന്ത്രി
റിയാദ്: ഇറാന്‍ ആണവ കരാര്‍ വിഷയത്തില്‍ അമേരിക്ക സ്വീകരിക്കുന്ന എല്ലാ നീക്കങ്ങള്‍ക്കും സഊദിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് സഊദി അറേബ്യ. സഊദിയില്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി ചേര്‍ന്ന് റിയാദില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തല്‍ അത്യാവശ്യമായിരിക്കുകയാണ്. ഇറാന്‍ വിഷയത്തില്‍ ട്രംപിന്റെയും അമേരിക്കയുടെയും പോളിസിയുമായി സഊദി പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. പ്രത്യേകിച്ചും ആണവ കരാറുമായുള്ള കാര്യങ്ങള്‍ക്ക്. സഊദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നിലവിലെ ഇറാന്‍ ആണവകരാര്‍ പൂര്‍ണമായും മതിയായതല്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കി. ആണവകരാറില്‍ ഒപ്പുവച്ചതിനുശേഷം ഇറാന്‍ വളരെ മോശം പ്രകടനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സുരക്ഷാകാര്യത്തില്‍ അമേരിക്കയുടെ ഇഷ്ടതോഴനാണ് സഊദി അറേബ്യ. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക സഊദിക്കൊപ്പം നിലകൊള്ളും. വിഷന്‍ 2030 വഴി സഊദി അറേബ്യ നേടിയത് എന്താണെന്നു നമുക്ക് ബോധ്യപ്പെടുന്നതാണ്. ലോകത്തെ ഏറ്റവും വലിയ തീവ്രവാദ സ്‌പോണ്‍സര്‍ രാജ്യമാണ് ഇറാന്‍. യമനിലെ വിമതവിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന സഹായം തന്നെ ഇറാന്റെ മേഖലയിലെ ഇടപെടലാണ് വിളിച്ചോതുന്നതെന്നും അദ്ദേഹം പറഞ്ഞു.
യമനിലെ വിമത വിഭാഗത്തെ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ ആയുധങ്ങളും മിസൈലുകളും നല്‍കുന്നതിലൂടെ ഇറാന്‍ കൂടുതല്‍ ഭീകരരായി മാറിയിരിക്കുകയാണെന്നും ഇറാനെതിരെ കൂടുതല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ആദില്‍ അല്‍ ജുബൈര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രിയോടെ സഊദിയിലെത്തിയ അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കൂടിക്കാഴ്ച നടത്തി. രാജകൊട്ടാരത്തിലെത്തിയെ സെക്രട്ടറിക്ക് രാജാവ് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഗാഢമായ ബന്ധവും മേഖലയിലെ അന്താരാഷ്ട്ര പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
അമേരിക്കയില്‍ സഊദി അംബാസിഡര്‍ പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, സ്റ്റേറ്റ് കാബിനറ്റ് മന്ത്രി ഡോ: മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍, സഊദി വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈര്‍, ഇരു രാജ്യങ്ങളിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സഊദി പര്യടനത്തിന് ശേഷം ജോര്‍ദാന്‍, ഇസ്‌റാഈല്‍ എന്നീ രാജ്യങ്ങളും യു.എസ് സ്റ്റേറ്റ് സെക്രട്ടറി സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."