പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: 34 ശതമാനം സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരില്ലാതെ ജയം
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 34 ശതമാനം സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസിന് എതിരില്ലാതെ ജയം. 58,692 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ 20,076 സീറ്റുകളിലും എതിര്‍സ്ഥാനാര്‍ഥികളില്ല. എതിര്‍സ്ഥാനാര്‍ഥികളില്ലാതെ ഇത്രയും പേര്‍ ജയിക്കുന്നത് പുതിയ റെക്കോര്‍ഡാണ്.
2003 ലെ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനായിരുന്നു ഈ റെക്കോര്‍ഡ്. 11 ശതമാനം സീറ്റുകളിലായിരുന്നു അന്ന് എതിരില്ലാതെ സി.പി.എം സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ബിര്‍ഭൂം, ബങ്കുര, മുര്‍ഷിദാബാദ്, സൗത്ത് 24 പാര്‍ഗനാസ് ജില്ലകളിലാണ് കൂടുതലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടിയിരിക്കുന്നത്.
ഏപ്രില്‍ 28നായിരുന്നു പത്രിക പിന്‍വലിക്കേണ്ട അവസാന തിയ്യതി. 9,574 പത്രികകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്‍വലിച്ചിരുന്നു. ബി.ജെ.പി 5,574 പത്രികകളും സി.പി.എം 3,127 പത്രികകളും തിരിച്ചെടുത്തു. കോണ്‍ഗ്രസ് 1,738 പത്രികകളും സ്വതന്ത്രരും മറ്റുള്ളവരും 23,619 പത്രികകളും പിന്‍വലിച്ചു.
മെയ് 14നാണ് പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ്. 17ന് വോട്ടെണ്ണും. നേരത്തെ മൂന്നു ഘട്ടങ്ങളിലായി നടത്താനായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചതു കാരണം ഒറ്റ ഘട്ടമായി നടത്താന്‍ ഉത്തരവിടുകയായിരുന്നു. തെരഞ്ഞെടുപ്പിനു മുന്നേ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിടുന്നുവെന്നായിരുന്നു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."