പ്രശ്‌നങ്ങളും പരാധീനതകളും കണ്ടറിഞ്ഞ സന്ദര്‍ശനം ജില്ലാ ആയുര്‍വേദാശുപത്രി: പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് എ.ജി.സി. ബഷീര്‍
നീലേശ്വരം: പടന്നക്കാടുള്ള ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പരാധീനതകളും പ്രശ്‌നങ്ങളും നേരിട്ടറിയാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീറും ആശുപത്രിയിലെത്തി. രണ്ടു മണിക്കൂറോളം ഇവര്‍ ആശുപത്രിയില്‍ ചെലവഴിച്ചു.
വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, സ്ഥിരംസമിതി അംഗങ്ങളായ അലി ഹര്‍ഷാദ് വോര്‍ക്കാടി, ഫരീദ സക്കീര്‍ അഹമ്മദ്, അംഗങ്ങളായ എം നാരായണന്‍, പി.വി പത്മജ, പുഷ്പ അമേക്കള എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ആശുപത്രിയുടെ വിവിധ ഭാഗങ്ങള്‍ നടന്നു കണ്ട സംഘം ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗവും ചേര്‍ന്നു.
സേവനം മെച്ചം...
പക്ഷെ സൗകര്യം തുച്ഛം
പ്രസിഡന്റ് എത്താന്‍ വൈകുമെന്ന് അറിയിച്ചതോടെ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം ആരംഭിച്ചു. സ്ത്രീ പുരുഷ വാര്‍ഡുകള്‍, അടുക്കള, മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.സി. സുഷമ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി. സുരേഷ് എന്നിവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചായിരുന്നു പരാതികളേറെയും. അതേസമയം, ആവശ്യമായ മരുന്നും ചികിത്സാ സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് അവര്‍ അറിയിച്ചു. 50 രോഗികളെ കിടത്താനുള്ള അനുമതിയുണ്ടെങ്കിലും 40 ബെഡ് ഇടാനുള്ള സൗകര്യമേ വാര്‍ഡിനുള്ളൂ. രോഗികളുടെ കൂടെയുള്ളവര്‍ക്കു കിടക്കാനോ ഇരുന്നു വിശ്രമിക്കാനോ ഉള്ള സൗകര്യമില്ല. ഇക്കാര്യം കടുമേനിയിലെ സക്കീന അഞ്ചില്ലത്ത്, ചായ്യോം ബസാറിലെ സി സരസ്വതി എന്നിവര്‍ സംഘത്തെ ബോധിപ്പിച്ചു. പുരുഷ വാര്‍ഡിലുണ്ടായിരുന്ന ടി.വി ജയചന്ദ്രനും ഉണ്ടായിരുന്നു പരാതികളേറെ. വെള്ളത്തിനുള്ള ബുദ്ധിമുട്ടും വൈദ്യുതിയില്ലാതായാല്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും അദ്ദേഹം സംഘത്തിന്റെ ശ്രദ്ധയില്‍ പെടുത്തി.
പ്രശ്‌ന പരിഹാരമുണ്ടാകുമെന്നു പ്രസിഡന്റിന്റെ ഉറപ്പ്
അവലോകന യോഗം തുടങ്ങുമ്പോഴേക്കും പ്രസിഡന്റ് എത്തി. മതിയായ ജീവനക്കാരുടെ കുറവ്, എക്‌സ്‌റേ യൂനിറ്റ് പ്രവര്‍ത്തിക്കാത്തത്, രാത്രി ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അനുഭവിക്കുന്ന സുരക്ഷയില്ലായ്മ, വാച്ച്മാനില്ലാത്തത്, ആശുപത്രിക്കു മാത്രമായി ട്രാന്‍സ്‌ഫോര്‍മര്‍, കാന്റീന്‍ തുടങ്ങിയവയില്ലാത്തത് ഇങ്ങനെ പോയി പരാതികളുടെ പ്രളയം. പ്രശ്‌നങ്ങള്‍ വിവരിച്ചു കൊണ്ടുള്ള നിവേദനം കൗണ്‍സലര്‍ അബ്ദുല്‍റസാഖ് തായലക്കണ്ടി പ്രസിഡന്റിനു നല്‍കി. എച്ച്.എം.സി അംഗങ്ങളായ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പ്രമോദ് കരുവളം, ചന്ദ്രന്‍ പൊള്ളപ്പൊയില്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ.വി.സി. സുഷമ, ഡോ.എ.വി. വേണു, ഡോ.വിനയകൃഷ്ണന്‍ മാടിയത്ത്, ജീവനക്കാരായ കെ നാരായണന്‍, കെ ആശ, കെ.വി. അരവിന്ദന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രശ്‌നങ്ങള്‍ക്കെല്ലാം ശാശ്വതമായ പരിഹാരം കാണുമെന്നു പ്രസിഡന്റ് യോഗത്തിനു ഉറപ്പും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."