തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി: പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
താമരശേരി: തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയില്‍ പ്രതിഷേധിച്ച് പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. യു.ഡി.എഫ് അംഗമായ കെ.കെ നന്ദകുമാര്‍ ആണ് രാജിവച്ചത്. എല്‍.ഡി.എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ പട്ടികജാതി സംവരണത്തിലുള്ള അംഗങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് നന്ദകുമാര്‍ പ്രസിഡന്റ് ആയത്.
വ്യാജരേഖ ചമച്ച് പഴയ കിണര്‍ പുതിയതാണെന്ന് വരുത്തിത്തീര്‍ത്ത് തൊഴിലുറപ്പു പദ്ധതിയുടെ പേരില്‍ അഴിമതി നടത്തിയ ഇടതുപക്ഷത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുവര്‍ഷം പഴക്കമുള്ള പഴയ കിണറിന് പണം നല്കി അഴിമതി നടത്തിയതിനെതിരേ ഭരണ സമിതി യോഗത്തില്‍ പ്രസിഡന്റ് സ്വീകരിച്ച നിലപാട് ഭൂരിപക്ഷബലത്തില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ തള്ളിയിരുന്നു.
കാരുണ്യ ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് തുടര്‍വിഹിതം ലഭിക്കുന്നത് തടഞ്ഞുവച്ചതും കാരുണ്യ ഗുണഭോക്താക്കളെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതും പ്രസിഡന്റും ഭരണസമിതി അംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാക്കിയിരുന്നു. പഞ്ചായത്തിലെ ഭരണസ്തംഭനത്തിന്റെയും അഴിമതിയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറല്ലാത്തതിനാലാണ് രാജിയെന്ന് നന്ദകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."