വരാപ്പുഴ കസ്റ്റഡി മരണം; പ്രതികളായ പൊലിസുകാര്‍ വീണ്ടും റിമാന്‍ഡില്‍
കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ എസ്.ഐയെയും പൊലിസുകാരെയും കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. കേസിലെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്.ടി.എഫ്) അംഗങ്ങളും കളമശേരി എ.ആര് ക്യാംപിലെ പൊലിസുകാരുമായ ജിതിന് രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെയും നാലാംപ്രതി വരാപ്പുഴ എസ്.ഐ ആയിരുന്ന ജി.എസ് ദീപകിനെയുമാണ് വീണ്ടും റിമാന്‍ഡ് ചെയ്തത്. നേരത്തേ റിമാന്‍ഡിലായിരുന്ന ഇവരെ പ്രത്യേക അന്വേഷണ സംഘം വിശദമായ തെളിവെടുപ്പിനും തുടരന്വേഷണത്തിനുമായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതിനുശേഷം ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വീണ്ടും റിമാന്‍ഡ് ചെയ്തത്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രത്യേകം രൂപീകരിച്ച അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിനേറ്റ മര്‍ദനമാണ് ശ്രീജിത്തിന്റെ മരണത്തിന് കാരണമെന്ന് വ്യക്തമാക്കി നേരത്തേ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണ സംഘത്തിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."