ലാലു ആശുപത്രി വിട്ടു എയിംസില്‍നിന്ന് മാറ്റിയതിനു പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് ആശുപത്രി വിട്ടു. എയിംസില്‍ നിന്ന് റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടുള്ള തീരുമാനം വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആര്‍.ജെ.ഡി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് റാഞ്ചിയിലേക്ക് പോകാന്‍ ലാലു സന്നദ്ധതയറിയിച്ചത്.
റാഞ്ചിയില്‍ മികച്ച ചികിത്സ ലഭിക്കില്ലെന്നും എയിംസില്‍നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു ലാലുവിന്റെ ആരോപണം. ലാലുവിന്റെ മകന്‍ തേജസ്വി യാദവും ആര്‍.ജെ.ഡി പ്രവര്‍ത്തകരും ഇതേ ആരോപണവുമായി രംഗത്തുവന്നു. ആശുപത്രി വിടില്ലെന്ന തീരുമാനത്തില്‍ ലാലു ഉറച്ചു നിന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി ലാലുവുമായി കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെയാണ് ആശുപത്രി അധികൃതരുടെ ആവശ്യത്തിനു മുന്നില്‍ അദ്ദേഹം വഴങ്ങിയത്. മകള്‍ മിസ ഭാരതിയോടൊപ്പം ഇന്നലെ വൈകിട്ട് അദ്ദേഹം റാഞ്ചിയിലേക്ക് മടങ്ങി. ലാലുവിന്റെ ആരോഗ്യസ്ഥിതി വളരെയധികം മെച്ചപ്പെട്ടതിനാലാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ മാര്‍ച്ച് 29നാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. വൃക്കരോഗത്തിനും അദ്ദേഹം ചികിത്സ തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."