ഉദയകുമാര്‍ ഉരുട്ടിക്കൊല: നേരിട്ടു ചോദ്യങ്ങള്‍ ചോദിക്കുന്നത് പൂര്‍ത്തിയായി
തിരുവനന്തപുരം: വിവാദമായ ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ പ്രതികളോട് കോടതി നേരിട്ടു ചോദ്യങ്ങള്‍ ചോദിക്കുന്നത് പൂര്‍ത്തിയായി. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് അഞ്ചു മണിക്കാണ് അവസാനിച്ചത്. 520 ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു ചോദ്യാവലി. പ്രതികളെ കുറ്റവിമുക്തനാക്കാന്‍ സാധ്യതകള്‍ ഉണ്ടോ എന്ന നിയമനടപടിയില്‍ വാദം ബുധനാഴ്ച കോടതി പരിഗണിക്കും.
ഉദയകുമാര്‍ കൊല്ലപ്പെട്ട ശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് രണ്ടു വനിതാ കോണ്‍സ്റ്റബിള്‍മാര്‍ അടക്കം മൂന്നു പൊലിസുകാര്‍ മൊഴി നല്‍കിയിരുന്നു. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ സാക്ഷികളില്‍ ഏറെയും പൊലിസ് ഉദ്യോഗസ്ഥരാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയ പലരും ഇതിനകം കൂറുമാറിയിരുന്നു.
ഈ നിര്‍ണായക വസ്തുതകള്‍ ഉള്‍കൊള്ളിച്ചാണു കോടതി ചോദ്യങ്ങള്‍ തയാറാക്കിയത്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. 2005 സെപ്റ്റംബര്‍ 27ന് ഫോര്‍ട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഡി.വൈ.എസ്.പി ഇ.കെ.സാബു, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അജിത്ത് കുമാര്‍, ഹരിദാസ്, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരാണ് പ്രതികള്‍. എന്നാല്‍ കേസിലെ അഞ്ചാം പ്രതി സോമന്‍ രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."