സമാന്തര റോഡ് അടച്ചു;അരുണാപുരം മുതല്‍ കുരിശുപള്ളി കവല വരെ ഗതാഗത തിരക്ക്
പാലാ: സമാന്തര റോഡ് അടച്ചതോടെ അരുണാപുരം മുതല്‍ കുരിശുപള്ളി കവല വരെയ ഗതാഗതത്തിരക്കേറി. സംസ്ഥാന പാതയില്‍ അരുണാപുരം മുതല്‍ വൈക്കം റോഡ് വരെയുള്ള ഭാഗത്താണ് നാലുവരി സമാന്തര പാതയുടെ അവസാനഘട്ട നിര്‍മ്മാണം നടക്കുന്നത്.
റോഡിന്റെ മദ്ധ്യഭാഗത്തായി പാറപൊട്ടിച്ചു നീക്കുന്നജോലി നടക്കുന്നതിനാലാണ് താത്കാലികമായി റോഡ് അടച്ചിരിക്കുന്നത്. തൊടുപുഴ റോഡില്‍ നിന്നുമുള്ള കിഴതടിയൂര്‍ നാലുവരി ബൈപാസ് വഴി കോട്ടയത്തേക്കുള്ള വാഹനങ്ങള്‍ ഈ റോഡുവഴിയാണ് കടന്നുപോയിക്കൊണ്ടിരുന്നത്. ഇത് നഗരത്തിലെ പ്രധാന റോഡില്‍ ഗതാഗത തിരക്ക് കുറയ്ക്കുവാന്‍ വളരെ പ്രയോജനപ്പെട്ടിരുന്നു.
റോഡ് അടച്ചതോടെ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ വീണ്ടും നഗരത്തിലൂടെ കടന്നുപോകുന്നതിന് ഇടയാക്കിയിരിക്കുകയാണ്. റോഡ് പരിചയം ഉള്ള വാഹനങ്ങള്‍ കൊട്ടാരമറ്റത്തുനിന്നും പാരലല്‍ റോഡിലേക്ക് പ്രവേശിക്കുന്നുണ്ട്. കൊട്ടാരമറ്റം ബസ് സ്റ്റേഷനില്‍ നിന്നും ടൗണ്‍ ഭാഗത്തേക്ക് പുറപ്പെടുന്ന ബസുകള്‍ മെല്ലെ നീങ്ങുന്നതിനാല്‍ രാവിലെയും വൈകിട്ടും പ്രധാന റോഡില്‍ വാഹന തിരക്കേറുകയാണ്.
ഈരാറ്റുപേട്ട, പൊന്‍കുന്നം ഭാഗത്തുനിന്നും എറണാകുളത്തേക്കുള്ള സ്വകാര്യബസുകള്‍ നഗരം ചുറ്റി ടൗണ്‍ സ്റ്റാന്‍ഡില്‍ എത്തി കൊട്ടാരമറ്റം സ്റ്റാന്‍ഡിലും പ്രവേശിച്ച് വീണ്ടും നഗരത്തിലൂടെ ടൗണ്‍ സ്റ്റാന്‍ഡില്‍ ഒരിക്കല്‍കൂടി പ്രവേശിച്ച് യാത്രക്കാരെ കയറ്റി യാത്രക്കാരെ നിറച്ചാണ് പുറപ്പെടുന്നത്. ഒരേ വാഹനങ്ങള്‍ തന്നെ ഒന്നിലധികം തവണ നഗരം ചുറ്റുന്നതും ഗതാഗത തിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമാണ്. കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ നിന്നും ഉഴവൂര്‍ റോഡുവഴി എറണാകുളത്തേക്കുള്ള എല്ലാ വാഹനങ്ങളും നെല്ലിയാനി ബൈപാസ് വഴിയും രാമപുരം റോഡുവഴിയുള്ള വാഹനങ്ങള്‍ പാരലല്‍ റോഡു വഴിയും തിരിച്ചുവിട്ട് പ്രധാന റോഡിലെ തിരക്ക് കുറയ്ക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."