ജിഷ വധം: കൊലപാതകിയെ കിട്ടിയതോടെ ആശ്വാസം അയല്‍വാസികള്‍ക്ക്
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകിയെ തിരിച്ചറിഞ്ഞതില്‍ സന്തോഷിക്കുകയാണ് അയല്‍വാസികള്‍. തങ്ങളില്‍ ചിലരെ ദിവസങ്ങളോളമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തതെന്ന് ഇവര്‍ പറയുന്നു. ഒരു ഘട്ടത്തില്‍ ഇവരില്‍ ചിലര്‍ കൊലയാളികളാണെന്നുവരെ പ്രചാരണമുണ്ടായി. കൊലയാളിയായ മഞ്ഞ ഷര്‍ട്ടിട്ട യുവാവ് ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നതു കണ്ടെന്നു മൊഴിനല്‍കിയ രേഖ എന്ന വീട്ടമ്മ താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദത്തിന് ഇപ്പോഴും കുറവുവന്നിട്ടില്ലെന്നാണ് പറയുന്നത്.
എ.ഡി.ജി.പി സന്ധ്യ ഉള്‍പ്പെടെയുള്ളവര്‍ സൗഹാര്‍ദത്തോടെയാണ് പെരുമാറിയതെന്നും ഇവര്‍ പറഞ്ഞു. കൊലയാളിയാണെന്നു മുദ്രകുത്തപ്പെട്ട അയല്‍വാസിയായ സാബുവിന്റെ 72 വയസുകാരനായ പിതാവ് മത്തായിയും 70 വയസുള്ള മാതാവ് മറിയുമ്മയും ഈ കേസ് തങ്ങളുടെ ആരോഗ്യത്തെപ്പോലും ബാധിച്ചെന്നു പറയുന്നു. അവിവാഹിതനായ മകനെ കൊലയാളിയായി ചിത്രീകരിച്ചതും അന്വേഷണസംഘം ദിവസങ്ങളോളം ചോദ്യം ചെയ്തതും തങ്ങളുടെ കുടുംബജീവിതത്തെയാണ് ബാധിച്ചത്. മകന്റെ ജോലിയെപ്പോലും അതു ബാധിച്ചു. തങ്ങളുടെ അസോസിയേഷനിലുള്ളവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ പ്രതികരിക്കാതിരുന്നതിന്റെ മാനസിക പ്രയാസത്തിലാണ് പ്രദേശത്തെ വാര്‍ഡുകളിലുള്ളവരുടെ കൂട്ടായ്മയായ മിത്രം റസിഡന്റ് അസോസിയേഷന്‍.
എന്നാല്‍, തങ്ങളുടെ സഹകരണം സമൂഹനന്മക്ക് ഉപകാരപ്പെട്ടല്ലോ എന്ന സമാധനത്തിലാണ് ഇവര്‍. ഇനിയെങ്കിലും ഈ പ്രദേശത്തെ പൊലിസ് ബന്തവസും സന്ദര്‍ശകരുടെ എണ്ണവും കുറയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. അപകടത്തില്‍പെട്ടു കിടപ്പിലായ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്റ സഹോദരനുപോലും ഈ കൊലപാതകത്തിന്റെ പേരില്‍ ഏറെ പഴികേള്‍ക്കേണ്ടിവന്നു.
പ്രതിയെ ചോദ്യം ചെയ്തത് ഉറങ്ങാന്‍ അനുവദിക്കാതെ
തിരുവനന്തപുരം: ജിഷ വധക്കേസില്‍ പിടിയിലായ പ്രതിയെന്ന് സംശയിക്കുന്ന അമീറിനെ പൊലിസ് ചോദ്യം ചെയ്തത് ഉറങ്ങാന്‍ അനുവദിക്കാതെ. തമിഴ്‌നാട്ടില്‍ നിന്ന് പിടിയിലായ അമീറുലിനെ ആലുവ പൊലിസ് ക്ലബില്‍ വച്ചാണ് അന്വേഷണസംഘം ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്തത്.
വയര്‍നിറയെ ഭക്ഷണം നല്‍കിയശേഷം ആദ്യം ദ്വിഭാഷിയുടെ സഹായത്തോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. നീണ്ട യാത്രയുടെ ഫലമായി ക്ഷീണം കാരണം ഉറങ്ങണമെന്ന് അമീറൂല്‍ ആവശ്യപ്പെട്ടുവെങ്കിലും അന്വേഷണസംഘം അനുവദിച്ചില്ല.
ഇടയ്ക്ക് ഉറക്കത്തിലേക്ക് വഴുതിവീണ ഇയാളെ വീണ്ടും ഉണര്‍ത്തി ചോദ്യംചെയ്യല്‍ തുടരുകയായിരുന്നു. ഇത് പുലരുംവരെ ആവര്‍ത്തിച്ചു. മുംബൈയില്‍ നിന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ എത്തിയതോടെ ദ്വിഭാഷിയെ ഒഴിവാക്കിയായി ചോദ്യംചെയ്യല്‍.
ഉറങ്ങാതെ അന്വേഷണസംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് അബോധമനസില്‍ മറുപടി നല്‍കിയ പ്രതി നിര്‍ണായക വിവരങ്ങളാണ് വെളിപ്പെടുത്തിയത്. മൂന്നാംമുറ പ്രയോഗിക്കാതെ പഴുതടച്ച ചോദ്യം ചെയ്യലാണ് ആലുവ പൊലിസ് ക്ലബില്‍ നടന്നത്. കുറ്റകൃത്യം തെളിയിക്കാന്‍ പതിവ് ശൈലി ഉപേക്ഷിച്ച അന്വേഷണം സംഘത്തിന്റെ പുതിയ പദ്ധതി വിജയം കണ്ടതായാണ് വിലയിരുത്തപ്പെടുന്നത്. ഇന്നു തിരിച്ചറിയല്‍ പരേഡ് നടത്തിയശേഷം കസ്റ്റഡിയില്‍ വാങ്ങുന്ന പ്രതിയെ ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്യാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വീട് നിര്‍മാണം അവസാനഘട്ടത്തില്‍
കൊച്ചി: ജിഷയുടെ വീടിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. 15 ദിവസത്തിനകം പണി പൂര്‍ത്തിയാക്കി ഗൃഹപ്രവേശനം നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഗൃഹപ്രവേശന ദിവസം പിന്നീട് തീരുമാനിക്കും. തൃക്കേപ്പാറ മലയം കുളത്താണ് വീട് ഒരുങ്ങുന്നത്. ജിഷയും അമ്മ രാജേശ്വരിയും ഏറെ ആഗ്രഹിച്ചാണ് ഈ വീടിന്റെ പണി ആരംഭിച്ചത്. ഇതിനിടയിലായിരുന്നു ജിഷയുടെ അന്ത്യം. ഇതേതുടര്‍ന്നു നിരവധി പേര്‍ വീട് പൂര്‍ത്തിയാക്കാനുള്ള പണം വാഗ്ദാനം ചെയ്തിരുന്നു.
മെയ് ആദ്യവാരം തൃക്കേപ്പാറ മലയംകുളത്തെ അഞ്ച് സെന്റ് സ്ഥലത്ത് രണ്ടു മുറി അടുക്കള വീടിന്റെ പണി തുടങ്ങി. ഇപ്പോള്‍ വാര്‍പ്പും തേപ്പുമെല്ലാം കഴിഞ്ഞു. പെയിന്റിങ്ങും ടൈല്‍പാകലും ഉള്‍പ്പെടെയുളള പണികള്‍ ബാക്കിയുണ്ട്.സുമനസ്സുകള്‍ നല്‍കിയ തുക ഉപയോഗിച്ച് ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാണു വീട് നിര്‍മാണം.
വീട് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജിഷയുടെ കുടുംബം ഇവിടേക്കു താമസം മാറും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ജിഷയുടെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫ് അധികാരത്തില്‍ എത്തിയപ്പോള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കുന്നത്തുനാട് താലൂക്ക് ഓഫിസില്‍ അറ്റന്ററായി നിയമനം നല്‍കി. വീടുനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കാനും പുതിയ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."