കരാറുകാര്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദേശം കര്‍ശനമാക്കുന്നു
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കരാറുകാര്‍ ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന നിയമം കര്‍ശനമാക്കും. ഈ നിര്‍ദേശം നേരത്തേ ഉണ്ടായിരുന്നെങ്കിലും തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതോടെ നടപ്പാകാതെ പോകുകയായിരുന്നു. ഇവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നല്‍കാനുള്ള തീരുമാനവും നടപ്പായിരുന്നില്ല.
സംസ്ഥാനത്ത് എറണാകുളം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ളത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുതല്‍ തെങ്ങുകയറ്റംവരെ ഇവര്‍ ചെയ്യുന്നുണ്ട്. 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍, സര്‍ക്കാരിന്റെ കണക്കില്‍ ഇത് വെറും ഒന്നര ലക്ഷം മാത്രമാണ്. തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചതോടെ ചില രാഷ്ട്രീയ സംഘടനകള്‍ കേരളത്തില്‍ ഇവര്‍ക്കായി യൂനിയന്‍വരെ രൂപീകരിച്ചിട്ടുണ്ട്.
ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്‍പന്തിയില്‍. യൂനിയനുകള്‍ ശക്തമല്ലാത്ത അസംഘടിത മേഖലയിലാണ് ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാന്‍ യൂനിയനുകള്‍ ഒരുങ്ങുന്നത്.
അതിനിടെ, ജിഷയുടെ വധത്തോടെ ഭീതിയിലായ ഇതരസംസ്ഥാന തൊഴിലാളികളില്‍ പലരും കേരളം വിട്ടുതുടങ്ങിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ പലരും കൊലപാതകംനടന്ന ദിവസംതന്നെ നാടുവിടാന്‍ ഒരുങ്ങിയെങ്കിലും സംശയിക്കപ്പെടുമെന്നുകരുതി ഒഴിവാക്കുകയായിരുന്നുവെന്ന് കരാറുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."