വാഹന പരിശോധന: പൊലിസുകാര്‍ മാസ്കും ഗ്ലൗസും ഉപയോഗിക്കണം
തിരുവനന്തപുരം: വാഹനപരിശോധന നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ മാസ്കും ഗ്ലൗസും ധരിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചു. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ജില്ലാ പൊലിസ് മേധാവികള്‍ക്കായിരിക്കും.
വാഹനത്തിനുള്ളിലേക്ക് കുനിഞ്ഞു പരിശോധിക്കുന്നത് ഒഴിവാക്കണം. പരിശോധനയ്ക്കിടെ വാഹനത്തിലോ യാത്രക്കാരെയോ ഗ്ലൗസ് ഉപയോഗിക്കാതെ സ്പര്‍ശിക്കാന്‍ പാടില്ല. വാഹനത്തിന്റെ ഡിക്കി തുറക്കേണ്ടിവരുന്ന അവസരങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വാഹനം തടഞ്ഞുനിര്‍ത്തുമ്പോള്‍ യാത്രക്കാരുമായി നിശ്ചിത അകലം പാലിക്കുകയും ഏറെ നേരം സംസാരിക്കുന്നത് ഒഴിവാക്കുകയും വേണം.
ഇനിയൊരു നിര്ദേശമുണ്ടാകുന്നതു വരെ ബ്രത്ത് അനലൈസര്‍ ഉപയോഗിക്കാന്‍ പാടില്ല. കൈകള്‍ ഇടക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചു വൃത്തിയാക്കണം. നിരോധനാജ്ഞ ലംഘിച്ചെത്തുന്ന വാഹനങ്ങള്‍ തടയുമ്പോള്‍ അത്യാവശ്യമാണെങ്കില്‍ മാത്രമേ വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കേണ്ടതുളളൂ.
എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യം വ്യക്തമാക്കി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നത് ഒഴിവാക്കണം. ഒന്നോ രണ്ടോ പ്രധാന ജങ്ഷനുകള്‍ മാത്രം കേന്ദ്രീകരിച്ച് പരിശോധ നടത്താതെ വിവിധ സ്ഥലങ്ങളിലായി പരിശോധന നടത്തണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."