HOME
DETAILS
MAL
കൊറോണ വൈറസിന് കാലാവസ്ഥയുമായി ബന്ധം
backup
March 27 2020 | 06:03 AM
വാഷിങ്ടണ്‍: കൊറോണ വൈറസ് രോഗം (കൊവിഡ്) കാലാവസ്ഥയുമായി ബന്ധമുണ്ടെന്ന നിരീക്ഷണവുമായി യു.എസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആന്റണി ഫൗക്കി. ഋതുഭേദമനുസരിച്ച് ഇത് തിരികെയെത്താമെന്നും അതിനാല്‍ വാക്‌സിന്‍ കണ്ടെത്തുകയും കാര്യക്ഷമമായ ചികിത്സാ രീതി ഒരുക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എസിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിലെ പകര്‍ച്ചവ്യാധി വിഭാഗം ഗവേഷണ മേധാവിയാണ് ഇദ്ദേഹം.
വൈറസിന്റെ വ്യാപനത്തിന് കാലാവസ്ഥയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. തെക്കന്‍ ആഫ്രിക്കയിലും ദക്ഷിണാര്‍ധ ഗോളത്തിലും തണുപ്പ് സീസണിലാണ് രോഗം പടര്‍ന്നത്. വൈറസ് ബാധ അടുത്ത സീസണിലും പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ട്.
അതിനാല്‍ വാക്‌സിന്‍ ഗവേഷണം അതിവേഗത്തിലാക്കുകയും പരീക്ഷണങ്ങള്‍ പുരോഗമിക്കുകയും വേണം. അടുത്ത തവണ വൈറസ് പൊട്ടിപുറപ്പെടുമ്പോഴേക്കും വാക്‌സിന്‍ വികസിപ്പിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രണ്ടു വാക്‌സിനുകളാണ് മനുഷ്യരില്‍ പരീക്ഷിക്കുന്നത്. ഇതിലൊന്ന് യു.എസിലും മറ്റൊന്ന് ചൈനയിലുമാണ്. എന്നാല്‍ ഇത് പൂര്‍ത്തിയായി വാക്‌സിന്‍ ഉപയോഗിക്കണമെങ്കില്‍ വര്‍ഷത്തിലേറെയെടുക്കും.
അതിനിടെ, ചികിത്സയ്ക്ക് ചില പുതിയ മരുന്നുകള്‍ കൂടി പരീക്ഷിക്കുന്നുണ്ട്. മലേറിയക്കെതിരേയുള്ള ക്ലോറോക്വിനിനും ഹൈഡ്രോക്‌സി ക്ലോറോക്വിനിനുമാണ് ഇവ. കൊറോണ വൈറസിനെ ഇത്തവണ നമുക്ക് നിയന്ത്രിക്കാനും പരാജയപ്പെടുത്താനും കഴിയും. എന്നാല്‍ പുതിയ ചംക്രമണം ഇല്ലാതെ നോക്കുകയാണ് ശ്രമകരം- ഡോ. ഫൗക്കി പറഞ്ഞു. വൈറസിന് തണുത്ത ആര്‍ദ്രതയുള്ള കാലാവസ്ഥയിലാണ് കൂടുതല്‍ ക്ഷമതയെന്ന ചൈനീസ് ഗവേഷണം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. എന്നാല്‍ ഈ പഠനം സംബന്ധിച്ച് കൂടുതല്‍ വിലയിരുത്തലുകള്‍ ആവശ്യമാണ്. തണുത്ത കാലാവസ്ഥയില്‍ രോഗി ചുമയ്ക്കുമ്പോഴും മറ്റുമുള്ള സ്രവങ്ങള്‍ ഏറെ നേരം വായുവില്‍ തങ്ങുന്നതാണ് കാരണം. ഇതോടൊപ്പം തണുത്ത കാലാവസ്ഥ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യും. വൈറസിന്റെ സംരക്ഷിക്കുന്ന കൊഴുപ്പ് ആവരണം ചൂട് കാലാവസ്ഥയില്‍ പെട്ടെന്ന് വരണ്ടു പോകുന്നതും ഇവയുടെ അതിജീവനത്തിന് തടസ്സമാകുന്നു. എന്നാല്‍ രോഗവ്യാപനം കുറയുമെങ്കിലും വൈറസ് ചൂട് കാലാവസ്ഥയില്‍ തീരെ ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആസ്‌ത്രേലിയയില്‍ 2,500 രോഗികളുണ്ടെന്നും അതില്‍ എട്ടു പേര്‍ മരിച്ചെന്നും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടെ, മറ്റു ശാസ്ത്രജ്ഞരും പഠനങ്ങളും കൊവിഡിന് കാലാവസ്ഥാ ബന്ധമുണ്ടെന്ന് വ്യക്തമാക്കി. ലോകത്ത് ചൂട് കൂടിയതും ആര്‍ദ്രത കുറഞ്ഞതുമായ പ്രദേശങ്ങളില്‍ രോഗവ്യാപനം കുറവു വന്നതായി മെറിലന്റ് യൂനിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അസോഷ്യേറ്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് സജാദി പറഞ്ഞു. കൊവിഡിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് പഠനം നടത്തുകയാണ് ഇദ്ദേഹം. ചൈനയിലെ സിനാങുവ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും ഇതേ നിഗമനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."