അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ ഷാസിനു മണല്‍ ലോറി വില്ലനായി
ആനച്ചാല്‍: മൂന്നു ദിവസം മുന്‍പ് അവധി ആഘോഷിക്കാനായി കുവൈത്തില്‍ നിന്നും ഉപ്പ സുബൈറിനും ഉമ്മ ഫര്‍സാനയ്ക്കും സഹോരങ്ങള്‍ക്കുമൊപ്പം നാട്ടിലെത്തിയ ഷാസിനു അമിതവേഗതയില്‍ വന്ന മണല്‍ലോറി വില്ലനായി. ഇന്നലെ രാവിലെ പതിനൊന്നോടെ അയല്‍വീട്ടിലേക്കു പോകുകയായിരുന്ന ഏഴു വയസുകാരനെ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി തട്ടിത്തെറിപ്പിക്കുകയായിരുന്നു. ആനച്ചാലിലെ ഷാസിന്റെ വീടായ ബൈത്തുല്‍ ഫര്‍സാനയുടെ മുന്നിലായിരുന്നു സംഭവം. ഉടനെ തന്നെ വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും ടയര്‍ കയറി ചതഞ്ഞ കാലുമായി ചോരയില്‍ കുളിച്ചു കിടക്കുന്ന ഷാസിനെയാണ് കണ്ടത് . അപ്പോഴേക്കും ലോറി ഡ്രൈവറും കൂട്ടാളിയും ഇറങ്ങി ഓടിയിരുന്നു. ചാക്കുകളില്‍ കെട്ടി അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറി ഡ്രൈവര്‍ പൊലിസ് വാഹനം കണ്ട് ഓര്‍ച്ച ഭാഗത്തു നിന്നും അച്ചാംതുരുത്തി ഭാഗത്തേക്ക് അമിത വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. ഇതിനിടയിലാണ് നടന്നു പോകുകയായിരുന്ന ഏഴു വയസുകാരന്റെ ജീവനെടുത്തത്. കുട്ടിയെ ഉടന്‍ തന്നെ നീലേശ്വരത്തെ സഹകരണ ആശുപത്രിയിലും ,മംഗ്ലൂരുവിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാസിന്റെ മരണവിവരമറിഞ്ഞതോടെ വീടായ ബൈത്തുല്‍ ഫര്‍സാനയും, ആനച്ചാല്‍, കോട്ടപ്പുറം പ്രദേശങ്ങളും ശോകമൂകമായി. മംഗ്ലൂരുവിലെ ആശുപത്രിയില്‍ നിന്നും ഷാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു വീട്ടിലെത്തിക്കും. തുടര്‍ന്ന് പ്രാര്‍ഥനകള്‍ക്കു ശേഷം ആനച്ചാല്‍ ഖിള്ര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."