നിര്‍മാണ കരാറുകള്‍ റദ്ദാക്കാന്‍ കലക്ടര്‍ക്ക് അനുമതി
മുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഭവന നിര്‍മാണം നടത്തിയ ഗുണഭോക്താക്കളുടെ നിര്‍മാണ കരാര്‍ റദ്ദാക്കാന്‍ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരമുള്ള ധനസഹായം ഉപയോഗിച്ച് നിര്‍മിച്ച വീടുകള്‍ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ സര്‍ക്കാരിലേക്ക് ഇതുസംബന്ധമായ അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങുകയായിരുന്നു ഗുണഭോക്താക്കള്‍ക്ക് ഇതുവരെ വേണ്ടിയിരുന്നത്.
എന്നാല്‍ ഇത്തരം നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഇ.എം.എസ് ഭവന പദ്ധതി മുഖേന നിര്‍മിച്ച വീടുകളുടെ കാര്യത്തില്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ പ്രത്യേകമായി അന്വേഷിച്ച് അനുവാദം നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇത് മുഴുവന്‍ ഭവന പദ്ധതികള്‍ക്കും ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഭവന നിര്‍മാണത്തിന് സര്‍ക്കാരില്‍നിന്ന് കൈപ്പറ്റിയ തുക 12 പലിശ നിരക്കില്‍ തിരിച്ചടച്ചെന്ന് ഉറപ്പുവരുത്തിയശേഷം അപേക്ഷകന്റെ പേരിലുള്ള കരാര്‍ റദ്ദ് ചെയ്യുന്നതിനുള്ള അധികാരമാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയത്. അതിനാല്‍ അത്യാവശ്യഘട്ടങ്ങളില്‍ വീട് വില്‍ക്കേണ്ടി വരുമ്പോള്‍ ഇനിമുതല്‍ ഗുണഭോക്താക്കള്‍ക്ക് കാലതാമസം നേരിടേണ്ടിവരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."