ഉറവില്‍ പ്രകൃതിസൗഹൃദ വീടുകളും ഹാളും ഒരുങ്ങി
കല്‍പ്പറ്റ: തൃക്കൈപ്പറ്റയില്‍ അഹമ്മദാബാദിലെ ഇന്ത്യന്‍ ഹാബിറ്റാറ്റ് ഫോറത്തിന്റെ (ഇന്‍ഹാഫ് ) സാമ്പത്തിക സഹായത്തോടെ തൃക്കൈപ്പറ്റ ഉറവ് (നാടന്‍ ശാസ്ത്ര-സാങ്കേതിക പഠനകേന്ദ്രം) വിഭാവനം ചെയ്ത രണ്ടു പ്രകൃതിസൗഹൃദ വീടുകളുടെയും കമ്മ്യൂണിറ്റി ഹാളിന്റെയും നിര്‍മാണം പൂര്‍ത്തിയായി. മുള ഉള്‍പ്പെടെ പ്രാദേശിക വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി പണികഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം നാളെ വൈകിട്ട് അഞ്ചിന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഗുണഭോക്താക്കള്‍ക്ക് കൈമാറും. കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. തൃക്കൈപ്പറ്റയിലെ മീനാക്ഷി, ബിന്ദു എന്നിവര്‍ ഗൃഹനാഥകളായുള്ള രണ്ടു നിര്‍ധന കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നല്‍കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പൊതു ഇടം എന്ന നിലയിലാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിച്ചിരിക്കുന്നത്.
ഉറവില്‍ ഇന്‍ഹാഫിന്റെ നേതൃത്വത്തില്‍ 2005 ജൂണില്‍ നടന്ന ഒരുമാസം നീണ്ടുനിന്ന ശില്‍പശാലയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടേതാണ് പ്രകൃതിസൗഹൃദ വീടുകളുടെ അടിസ്ഥാന രൂപകല്‍പന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആര്‍ക്കിടെക്ചറല്‍, ഡിസൈന്‍ കോളജുകളില്‍നിന്നുള്ള 50 വിദ്യാര്‍ഥികളാണ് 'തദ്ദേശീയ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ചെലവ് കുറഞ്ഞ ഭവന നിര്‍മാണം' വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തത്. ആദിവാസി കോളനികളടക്കം സന്ദര്‍ശിച്ച് ഭവന നിര്‍മാണരീതികള്‍ മനസിലാക്കിയ വിദ്യാര്‍ഥികള്‍ ഗുണഭോക്താക്കളുടെ താല്‍പര്യവും കണക്കിലെടുത്താണ് വീടുകള്‍ രൂപകല്‍പന ചെയ്തത്. ബംഗളൂരു 'ഇന്‍ചി'ലെ വിദഗ്ധരുടേതായിരുന്നു അന്തിമ രൂപകല്‍പന. 350 ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് വീടുകളിലൊന്ന്. രണ്ടു കിടപ്പുമുറികളും അടുക്കളയും കുളിമുറിയും ഉള്‍പ്പെടുന്ന വീടിനു ഏകദേശം നാലര ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. 480 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ടാമത്തെ വീടിന്റെ നിര്‍മാണം അഞ്ചര ലക്ഷം രൂപ അടങ്കലിലാണ് പൂര്‍ത്തിയാക്കിയത്. നാല് മുറികളും അടുക്കളയും കുളിമുറിയുമാണ് ഈ വീട്ടിലുള്ളത്. ഓടുമേഞ്ഞ രണ്ടു വീടുകളിലും നാമമാത്രമാണ് സിമന്റ്, കമ്പി എന്നിവയുടെ ഉപയോഗം.
960 അടിയാണ് കമ്മ്യൂണിറ്റി ഹാളിന്റെ വിസ്തീര്‍ണം. വാഴവറ്റയിലെ സിവില്‍ എന്‍ജിനീയര്‍ പി.ജെ ജോര്‍ജിന്റേതാണ് രൂപകല്‍പന. ഉറവില്‍ ഭവന നിര്‍മാണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പി.കെ ഷൗക്കത്തലി, പി.എസ് സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കല്ലന്‍മുള, മുള്ളുമുള, ആനമുള എന്നിവ ഉപയോഗിച്ച് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിച്ചത്. 20 അടി ഉയരമുള്ള കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണത്തിന് ആറു ലക്ഷം രൂപയാണ് ചെലവ്. ഏകദേശം 5,000 അടി മുളയാണ് നിര്‍മാണത്തിനു വേണ്ടിവന്നത്. തറനിരപ്പില്‍നിന്ന് രണ്ടടി ഉയരത്തില്‍ നിര്‍മിച്ച വേദി, 50 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ എന്നിവ കമ്മ്യൂണിറ്റി ഹാളിന്റെ ഭാഗമാണ്. ഹാളിനോട് ചേര്‍ന്ന് ശുചിമുറി, ബാഡ്മിന്റണ്‍ കോര്‍ട്ട് എന്നിവയും തയാറാക്കിയിട്ടുണ്ട്.
തൃക്കൈപ്പറ്റയിലും സമീപങ്ങളിലുമുള്ള വനിതകളടക്കമുള്ളവര്‍ക്ക് അയല്‍ക്കൂട്ടം യോഗങ്ങള്‍ ചേരാനും വായനയ്ക്കും വിനോദത്തിനും സൗകര്യം കമ്മ്യൂണിറ്റി ഹാളിലുണ്ടാകുമെന്ന് ഉറവ് ഡയറക്ടര്‍മാരായ എം. ബാബുരാജ്, സി.ഡി സുനീഷ് എന്നിവര്‍ പറഞ്ഞു. പാരിസ്ഥിതിക-ഊര്‍ജ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കമ്പി, കല്ല്, സിമന്റ്, മണല്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ചും മുള ഉള്‍പ്പെടെ തദ്ദേശീയ വിഭവങ്ങള്‍ കഴിയുന്നത്ര ഉപയോഗപ്പെടുത്തിയുമുള്ള ഭവന നിര്‍മാണവിദ്യ രാജ്യവ്യാപകമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്‍ഹാഫും ഉറവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."