പൊലിസ്, എക്‌സൈസ് തസ്തികകളിലേക്കുള്ള ആദിവാസി നിയമനം പ്രതിസന്ധിയില്‍
കാളികാവ്: പി.എസ്.സിയുടെ പൊലിസ്, എക്‌സൈസ് തസ്തികകളിലേക്കുള്ള ആദിവാസി നിയമനം പ്രതിസന്ധിയില്‍. നിയമനത്തിനായുള്ള 52000 രൂപയുടെ ബോണ്ട് വ്യവസ്ഥയാണ് എസ്.ടി വിഭാഗത്തിലൂടെ അവസരം ലഭിച്ചവര്‍ക്ക് തിരിച്ചടിയാവുന്നത്.
മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ 100 പേര്‍ക്കാണ് ഇരു ഡിപ്പാര്‍ട്ട്‌മെന്റുകളിലായി നിയമനം നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കുന്ന വയനാട് ജില്ലയിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍നിയമന ഉത്തരവ് നല്‍കി തുടങ്ങിയിട്ടുള്ളത്. പരീക്ഷയിലും കായികക്ഷമതയിലും ആദിവാസികള്‍ക്ക് ഇളവ് നല്‍കിയിരുന്നെങ്കിലും പരിശീലനത്തിന് പ്രവേശിക്കുന്നതിനായി 52000 രൂപയുടെ ബോണ്ട് സമര്‍പ്പിക്കണമെന്ന വ്യവസ്ഥയാണ് ആദിവാസികള്‍ക്ക് തിരിച്ചടിയായിട്ടുള്ളത്.
200 രൂപ മുദ്ര പത്രത്തില്‍ ടൈപ്പ് ചെയ്ത് തയാറാക്കി രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാമ്യക്കാരായി ഒപ്പുവച്ച 52000 രൂപയുടെ ബോണ്ടാണ് ഇവര്‍ പരിശീലനത്തിനു മുന്‍പായി സമര്‍പ്പിക്കേണ്ടത്. പണം ആദ്യം നല്‍കേണ്ടെങ്കിലും പുറംലോകവുമായി അധികം ബന്ധമില്ലാത്ത, സാമ്പത്തികമായി പിന്നോക്കമുള്ള ആദിവാസി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്തരുടെ ബോണ്ട് എവിടുന്ന് ലഭിക്കും എന്നാണ് ഇവര്‍ ചോദിക്കുന്നത്.
പൊലിസ്, എക്‌സൈസ് വകുപ്പുകളിലേക്കാണ് ആദിവാസികള്‍ക്ക് നിയമനം നല്‍കുന്നത്. രണ്ടിനും ബോണ്ട് നല്‍കണം. ഒന്‍പത് മാസക്കാലമാണ് രണ്ടു വകുപ്പുകള്‍ക്കും പരിശീലനം.
കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് പിരിഞ്ഞുപോന്നാല്‍ നഷ്ടപരിഹാരം ഈടാക്കുന്നതിനാണ് ബോണ്ട് വ്യവസ്ഥ. ആദിവാസികള്‍ക്കു മാത്രമായിട്ടുള്ള ഐ.ടി.ഡി.പി വകുപ്പ് ബോണ്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണ് മൂന്ന് ജില്ലകളിലേയും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.
നിയമനത്തിനുള്ള മറ്റു കാര്യങ്ങള്‍ ആദിവാസികള്‍ തരപ്പെടുത്തിയെങ്കിലും സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്വമാണ് പ്രതിസന്ധിയിലാക്കിയത്.
വയനാട് ജില്ലയില്‍ അമ്പതിലേറെ പേര്‍ക്കാണ് ജോലി ലഭിക്കുക. പാലക്കാട് മുപ്പത് പേര്‍ക്കും നിയമനം ലഭിക്കും. മലപ്പുറം ജില്ലയില്‍ 11 തൊഴിലവസരം മാത്രമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."