മൂല്യവര്‍ധിത നികുതി: കരടു കരാറിന് ജിസിസി ധനമന്ത്രിമാരുടെ അംഗീകാരമായി
ദമാം: ഗള്‍ഫ് രാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) സെലക്ടീവ് നികുതി എന്നിവ നടപ്പാക്കുന്നതിനുള്ള കരട് കരാറിന് ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ (ജിസിസി) അംഗ രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ജിദ്ദയില്‍ ചേര്‍ന്ന ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക മന്ത്രിമാരുടെ യോഗം ഇതിന് അംഗീകാരം നല്‍ക്കുകയും ചെയ്തു. ജിദ്ദയിലെ അല്‍ ദിയാഫ കൊട്ടാരത്തില്‍ ചേര്‍ന്ന ജിസിസി സാമ്പത്തിക മന്ത്രിമാരുടെ സംയുക്ത യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്.
വാറ്റും സെലക്ടീവ് നികുതിയും 2018 ആദ്യത്തില്‍ തന്നെ ജിസിസി രാജ്യങ്ങളില്‍ നടപ്പാക്കി തുടങ്ങുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ബഹ്‌റൈന്‍ ധനമന്ത്രി ശൈഖ് അഹമദ് അല്‍ ഖലീഫ വ്യക്തമാക്കി. ഇതിലൂടെ ലഭിക്കുന്ന വരുമാനങ്ങള്‍ പശ്ചാത്തല വികസന പദ്ധതികള്‍ക്കും ഗള്‍ഫ് രാഷ്ട്രങ്ങങ്ങളുടെ സാമ്പത്തിക ഭദ്രതക്കും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, നികുതിയുടെ കൂടുതല്‍ വ്യക്തത പിന്നീട് ചര്‍ച്ച ചെയ്താണ് തീരുമാനിക്കുക. മൂല്യവര്‍ധിത നികുതി (വാറ്റ്) സെലക്ടീവ് നികുതി എന്നിവയുമായി കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ (ജിസിസി) സിക്രട്ടറി ജനറല്‍ ഡോ: അബ്ദുല്‍ ലത്വീഫ് അല്‍ സയാനി പറഞ്ഞു. ഇതേ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി സാമ്പത്തിക മന്ത്രാലയ അണ്ടര്‍ സിക്രട്ടറിമാരെയും ടെക്‌നിക്കല്‍ കമ്മിറ്റികളെയും യോഗം നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് അടുത്ത യോഗത്തില്‍ ഇവര്‍ സമര്‍പ്പിക്കും. ജിസിസി രാജ്യങ്ങള്‍ തമ്മില്‍ കരാറില്‍ ഒപ്പ് വെക്കുന്നതിനു മുന്നോടിയായി ഈ വര്‍ഷം വീണ്ടും യോഗം ചേരുന്നുണ്ട്.
അതേസമയം, ഭക്ഷ്യവസ്തുക്കളില്‍ വാറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയിട്ടില്ല. ഇതിനായി ചര്‍ച്ചകള്‍ ഇനിയും നടത്തേണ്ടിവരുമെന്നും നിലവിലെ അവസ്ഥയില്‍ ധാരണയിലെത്തിയിട്ടില്ലെന്നും കുവൈത്ത് ഉപപ്രധാനമന്ത്രി അനസ് അല്‍ സ്വാലിഹ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."