പെട്രോള്‍-ഡീസല്‍ വിലവര്‍ധന കാളവണ്ടിയിലും സൈക്കിളിലുമായി രാജ്ഭവനിലേക്ക് യു.ഡി.എഫ് മാര്‍ച്ച്
തിരുവനന്തപുരം: ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ ഒരേ നുകംവച്ച കാളകളെപ്പോലെയാണ് മോദിയും പിണറായിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ ഇരുവരും തമ്മില്‍ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്‌ക്കെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സൈക്കിളുകളിലും കാളവണ്ടിയിലും കാല്‍നടയായും രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതിയിനത്തില്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് 7000 കോടി രൂപയാണ്. അധിക നികുതി വേണ്ടെന്നുവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. യു.ഡി.എഫ് ഭരിച്ചപ്പോള്‍ ജനങ്ങളുടെ തലയില്‍ അധികഭാരം അടിച്ചേല്‍പ്പിച്ചിരുന്നില്ല.
കേരളം വലിയ സാമ്പത്തിക തകര്‍ച്ച നേരിടുകയാണ്. ട്രഷറിയില്‍നിന്നു അഞ്ചുലക്ഷത്തില്‍ കൂടുതല്‍ തുക പാസാകുന്നില്ല. പെന്‍ഷന്‍ വിതരണം മുടങ്ങിയിരിക്കുന്നു. ആര്‍ക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണ് കേരളത്തില്‍. ഭരണകൂടം തന്നെ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, എം.എല്‍.എമാരായ കെ. മുരളീധരന്‍, വി.എസ് ശിവകുമാര്‍, എം. വിന്‍സെന്റ്, കെ.എസ് ശബരീനാഥന്‍, അന്‍വര്‍ സാദത്ത്, എന്‍.എ നെല്ലിക്കുന്ന്, പി. ഉബൈദുല്ല, ആര്‍.എസ്.പി നേതാവ് എ.എ അസീസ്, ജോണി നെല്ലൂര്‍, സി.പി ജോണ്‍, ദേവരാജന്‍, എം.പിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് സംസാരിച്ചു.
രാവിലെ പതിനൊന്നോടെ മ്യൂസിയം പൊലിസ് സ്റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് രാജ്ഭവനു മുന്നില്‍ സമാപിച്ചു. മൂന്ന് കാളവണ്ടിയില്‍ പ്രതിപക്ഷനേതാവും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും സഞ്ചരിച്ചു. ജനപ്രതിനിധികളും പ്രവര്‍ത്തകരും സൈക്കിളിലും കാല്‍നടയായും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."