പി. ജയരാജന് മുന്നില്‍ വാതില്‍ തുറന്നില്ല; മന്ത്രിമാര്‍ പുറത്തായതുമില്ല
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വരുമെന്ന് ചര്‍ച്ചയുണ്ടായെങ്കിലും ഒന്നും സംഭവിച്ചില്ല. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മാറ്റാനുള്ള നീക്കംനടക്കുന്നതായി പ്രചാരണം ശക്തമായിരുന്നെങ്കിലും പുതിയ രണ്ടുപേര്‍ക്കാണ് ഇടംലഭിച്ചത്. കൊല്ലത്തുനിന്ന് കെ.എന്‍ ബാലഗോപാലും എറണാകുളത്തുനിന്ന് പി. രാജീവും സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെ പിണറായിയുടെ സര്‍വാധിപത്യമാണ് സി.പി.എമ്മിലെ സംസ്ഥാനത്തെ സുപ്രധാന ഘടകത്തില്‍ ഉണ്ടാകുന്നത്. മുതിര്‍ന്ന നേതാവും മന്ത്രിയുമായ ജി. സുധാകരന് ഇത്തവണയും സെക്രട്ടേറിയറ്റിലേക്ക് എത്താനായില്ലെന്നതും ശ്രദ്ധേയമാണ്.
മന്ത്രിമാര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നു ഒഴിയണമെന്ന തരത്തില്‍ ജില്ലാ സമ്മേളനങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ എ.കെ ബാലന്‍, തോമസ് ഐസക്, ടി.പി രാമകൃഷ്ണന്‍, എം.എം മണി എന്നിവര്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനം ഉറപ്പിക്കാനായി. മാറ്റം ഉണ്ടായിരുന്നെങ്കില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് മാറേണ്ടിവരുമായിരുന്നു. ഇതോടെയാണ് സംഘടനക്കു നേതൃത്വം കൊടുക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനക്ഷമമായ സെക്രട്ടേറിയറ്റെന്ന ആശയം ഒഴിവാക്കേണ്ടിവന്നത്. മാത്രമല്ല ഒഴിവുവരുന്ന അഞ്ചുസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും കൂടുതല്‍ സങ്കീര്‍ണമായേനെ.
പ്രായാധിക്യം പ്രശ്‌നമായെങ്കിലും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റെന്ന സ്ഥാനവും പ്രായം തളര്‍ത്തുന്ന അവശതകളില്ലെന്നതും ആനത്തലവട്ടം ആനന്ദന് സെക്രട്ടേറിയറ്റില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഹായകമായി. ആനത്തലവട്ടത്തെ ഒഴിവാക്കുകയാണെങ്കില്‍ സെക്രട്ടേറിയറ്റില്‍ എത്തിപ്പെടാമെന്ന എം. വിജയകുമാറിന്റെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ തിരിച്ചടിയായത്. സി.പി.എം സംസ്ഥാന കമ്മിറ്റിയോഗം ഇന്നും തുടരും. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് വൈക്കം വിശ്വനെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."